ദില്ലി: കൊവിഡ് 19 ഭീതിയിൽ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടരുത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി ഇക്കാര്യം എടുത്ത് പറഞ്ഞു. രാജ്യത്ത് പാൽ, മരുന്ന്, അവശ്യ മരുന്നുകൾ, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ അവശ്യസാമഗ്രികൾക്ക് ക്ഷാമമില്ലെന്നും അനാവശ്യ ഭീതി മൂലം സാധനങ്ങൾ വാങ്ങിക്കൂട്ടരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. 

കൊവിഡ് 19 രോഗത്തിന്‍റെ അനന്തര ഫലമായി രാജ്യത്തുണ്ടാകുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജ് കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പാക്കേജിനായി ഒരു കർമ്മസേനയെ നിയോഗിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ നേതൃത്വം നൽകും.

ഈ ആപൽസന്ധിയിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ആളുകളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ ഒന്നിച്ച് നിന്നാൽ ഈ ആപത് ഘട്ടം തരണം ചെയ്യാമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 

ലോകമഹായുദ്ധങ്ങളുടെ സമയത്ത് പോലും ഇത്രയധികം രാജ്യങ്ങൾ ബാധിക്കപ്പെട്ടിരുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി. നിലവിൽ ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തെ സഹായിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും വ്യക്തമാക്കി.