ദില്ലി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിയ്ക്കാണ് അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ഉന്നതവൃത്തങ്ങള്‍ പറയുന്നത്.  കൊവിഡ് 19 പ്രതിരോധനത്തിനായുള്ള നടപടികളായിരിക്കും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് 19 സംബന്ധിച്ച് പ്രധാനമന്ത്രി നേരിട്ട് പ്രസ്താവനകള്‍ നടത്തിയിരുന്നില്ല. വിദേശകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയുമാണ് പാര്‍ലമെന്‍റില്‍ കൊവിഡ് വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്. ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി, പാര്‍ലമെന്‍റ് നിര്‍ത്തിവേക്കെണ്ട ആവശ്യമില്ല, എംപിമാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു നല്‍കിയത്.