ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 137 ആയെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിൽ 24 പേര്‍ വിദേശികളാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട ഔദ്യോഗിക കണക്കിൽ പറയുന്നു. രോഗ വ്യാപനത്തിൽ ഏറ്റവും മുന്നിൽ മഹാരാഷ്ട്രയാണ്. 36 കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയിൽ ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കിൽ ഉള്ളത്. 24 വൈറസ് ബാധിതരുള്ള കേരളമാണ് പട്ടികയിൽ രണ്ടാമത്. ഉത്തര്‍ പ്രദേശിൽ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

 

അതേസമയം ഇന്ത്യയിൽ കൊവിഡ് 19 രണ്ടാംഘട്ടമാണെന്നാണ് ഐസിഎംആര്‍ പറയുന്നത്. രോഗ വ്യാപനത്തിന്‍റെ തോത് പരിഗണിച്ചാണ് ഈ വിലയിരുത്തൽ. മൂന്നാം ഘട്ടത്തിലേക്ക് കടന്നാൽ അതീവ ഗുരുതരമായ അവസ്ഥയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസര്‍ച്ച് മുന്നറിയിപ്പ് നൽകുന്നു.

രാജ്യത്ത് രോഗം വ്യാപിച്ചത് ഇങ്ങനെ ( മാർച്ച് 1 മുതലുള്ള കണക്ക്)

 
 

 

 

 

ഓരോ വ്യക്തിയും വലിയ ജാഗ്രതയോടെ മുന്നോട്ട് പോകണം. ചെറിയ രോഗ ലക്ഷണം ഉള്ളവര്‍ പോലും സ്വയം നിരീക്ഷണത്തിൽ കഴിയുകയോ ചികിത്സ തേടുകയോ ചെയ്യണം. മൂന്നാം ഘട്ടം വലിയ വെല്ലുവിളി ആരോഗ്യ മേഖലക്ക് ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. രോഗം അതിവേഗം നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കുന്ന അവസ്ഥ എന്ത് വിലകൊടുത്തും ചെറുക്കണമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസര്‍ച്ച് പറയുന്നു.

വിദേശത്തുനിന‌ന് വരുന്നവർ നിർബന്ധമായും 14 ദിവസത്തെ ഐസൊലേഷനിൽ കഴിയണമെന്ന് ഐ സി എം ആർ നിര്‍ദ്ദേശിക്കുന്നത്.  പരിശോധനകൾക്കായി സ്വകാര്യ ലാബുകളും സജ്ജമാക്കിയിട്ടുണ്ട്. 10 ലക്ഷം പരിശോധന കിറ്റുകൾ ഓർഡർവ ചെയ്തിട്ടുണ്ടെന്നും ഐസിഎംആര്‍ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.