ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ ഗുരുതര സാഹചര്യമെന്ന് നിതി ആയോഗിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം 8500 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച 51,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് കരുതുന്നില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയാണ് ഫലപ്രദമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എന്‍എയോട് പറഞ്ഞു. അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ദില്ലിയിലെ സാഹചര്യം ഗുരുതരമാണെന്ന് നിതി ആയോഗ് അഭിപ്രായപ്പെട്ടത്. സാഹചര്യം ഇനിയും മോശമാകാന്‍ സാധ്യതയുണ്ടെന്നും നിതി ആയോഗ് വ്യക്തമാക്കി.

കൊവിഡ് രോഗികള്‍ക്കായി ബെഡുകളും ഓക്‌സിജനും ഐസിയു സംവിധാനങ്ങളും കൂടുതല്‍ തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനമായിരുന്നു. ദില്ലിയില്‍ പരിശോധന വര്‍ധിപ്പിക്കാനും തീരുമാനിച്ചു. പരിശോധന പ്രതിദിനം ഒരു ലക്ഷമാക്കി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.