Asianet News MalayalamAsianet News Malayalam

തീവ്രബാധിത മേഖലകളിൽ ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി, അന്തിമതീരുമാനം പിന്നീട്

രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരമില്ല എന്നതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിൽ പങ്കെടുത്തത്. 

covid 19 special meeting of chief ministers called by pm continues in delhi decision soon on lockdown
Author
New Delhi, First Published Apr 27, 2020, 1:31 PM IST

ദില്ലി: രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകർച്ചാസാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് നീണ്ടുനിൽക്കുന്ന പോരാട്ടമാണെന്നും, എന്നാൽ ഗ്രീൻ സോണുകളായ ചില ഇടങ്ങളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകാവുന്നതാണെന്നും പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. രാജ്യമൊട്ടാകെ ഒരുമിച്ച് ലോക്ക്ഡൗണിൽ തുടരുന്ന ഈ സാഹചര്യം മാറ്റി ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗൺ തുടർന്ന്, മറ്റ് മേഖലകൾക്ക് ഘട്ടം ഘട്ടമായി ഇളവുകൾ നൽകാനാണ് കേന്ദ്രനീക്കമെന്നാണ് സൂചന. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച് ലോക്ക്ഡൗൺ നിർദേശങ്ങൾ പ്രഖ്യാപിച്ചേക്കും. ഇതിനായി പ്രത്യേക മാർഗരേഖ പുറത്തിറക്കും. എന്നാൽ രോഗവ്യാപനം തടയാനുള്ള കർശനമായ നടപടികളുണ്ടാകും. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഉയർന്ന നിർദേശങ്ങളെല്ലാം പരിഗണിച്ച് അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കും.

ലോക്ക്ഡൗൺ ഒരു മാസം നീട്ടണമെന്നാണ് ഒഡിഷ ആവശ്യപ്പെട്ടത്. രാജ്യത്തെ ലോക്ക്ഡൗണിൽ ചെറിയ ഇളവുകൾ നൽകുമ്പോൾത്തന്നെ കേസുകളിൽ കുത്തനെ വർദ്ധനയുണ്ടാകുന്നുണ്ട്. ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും ഒഡിഷ ആവശ്യപ്പെട്ടു. ഇന്ന് സംസാരിച്ച നാല് മുഖ്യമന്ത്രിമാർ ലോക്ക്‍ഡൗൺ പിൻവലിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മേഖലകളിലെല്ലാം മെയ് - 3 ന് ശേഷവും ലോക്ക്ഡൗൺ തുടരണമെന്നായിരുന്നു മേഘാലയയുടെ നിലപാട്. 

രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരമില്ല എന്നതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിൽ പങ്കെടുത്തത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിന് മുന്നോടിയായി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ വിളിക്കുകയും ചെയ്തു. ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ യോഗത്തിൽ നിലപാടെടുത്തത്. ഇതേ നിലപാട് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായോട് ആവർത്തിക്കുകയും ചെയ്തു. 

എന്നാൽ അതിഥിത്തൊഴിലാളികളുടെ കാര്യത്തിലാണ് പല സംസ്ഥാനങ്ങൾക്കും ആശങ്ക നിലനിൽക്കുന്നത്. സ്വന്തം സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ അതിഥിത്തൊഴിലാളികളെ ബസ്സുകളയച്ച് തിരികെ കൊണ്ടുവരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, രാജസ്ഥാനിൽ നിരവധി കോച്ചിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന കോട്ടയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാനായി യുപി ബസ്സുകളയക്കുകയും ചെയ്തു. അപ്പോൾത്തന്നെ ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആ വിമർശനം ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിലും ആവർത്തിച്ചു. ഉത്തർപ്രദേശ് ലോക്ക്ഡൗൺ മാർഗനിർദേശം ലംഘിച്ചുവെന്നാണ് ബിഹാർ യോഗത്തിൽ ആരോപിച്ചത്. നേരത്തേ കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉൾപ്പടെ അതിഥിത്തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിനെതിരെ നിലപാടെടുത്തിരുന്നു. രോഗവ്യാപനം പടരാനുള്ള സാധ്യതയുണ്ടെന്നും, ഇത് ഒഴിവാക്കാൻ ജാഗ്രത വേണമെന്നും നിതിൻ ഗഡ്കരി ഇന്നലെ വ്യക്തമാക്കിയിരുന്നതുമാണ്. 

നേരത്തേതന്നെ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. രാജ്യമൊട്ടാകെ ലോക്ക് ഡൗൺ തുടരണമെന്ന നിലപാട് ഏഴ് സംസ്ഥാനങ്ങൾ സ്വീകരിച്ചെങ്കിലും ആ നിർദേശം നിലവിൽ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിലയിരുത്തൽ. പലയിടങ്ങളിലും നിലവിൽ മേഖല തിരിച്ച് കേന്ദ്ര, സംസ്ഥാനസർക്കാരുകൾ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക സ്ഥിതിയിൽ ആശങ്ക വേണ്ട എന്നാണ് ഇന്നത്തെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. 

എന്നാൽ നിലവിൽ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലെ ചില ചട്ടങ്ങളെങ്കിലും ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗത്തിൽ പറഞ്ഞു. ഇത് അനുവദിക്കാനാകുന്നതായിരുന്നില്ല. ഒരു കാരണവശാലും ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിക്കരുതെന്നും അമിത് ഷാ യോഗത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, കൊവിഡ് പ്രതിരോധത്തിൽ ആശുപത്രികളുടെ പ്രവർത്തനത്തിൽ തടസ്സപ്പെടരുതെന്ന നിർദേശവും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ മുന്നോട്ടുവച്ചു. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാൽ മിക്ക ആശുപത്രികളിലും മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടിയവർ ബുദ്ധിമുട്ടിലാകുകയാണ്. ഇത് പാടില്ല. കൊവിഡിനായി സജ്ജീകരിച്ച പ്രത്യേക ആശുപത്രികളിൽ മാത്രം കൊവിഡ് രോഗികളെ സജ്ജീകരിക്കണം. മറ്റുള്ള പ്രവർത്തനങ്ങൾ സാധാരണനിലയ്ക്ക് നടക്കണം - മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒപ്പം വെന്‍റിലേറ്ററുകളുടെ എണ്ണം സംസ്ഥാനങ്ങൾ കൂട്ടണമെന്നും, ഇതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒപ്പം പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോക്ക് ഡൗൺ പിൻവലിക്കുമോ ഇല്ലയോ എന്നതിൽ ഒരു അന്തിമതീരുമാനം ഇനിയും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. അത് പിന്നീട് ഉന്നത ഉദ്യോഗസ്ഥരുടെയക്കം നിലപാട് തേടിയാകും തീരുമാനിക്കുക. 

Follow Us:
Download App:
  • android
  • ios