Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധം പാളിയിട്ടില്ല, ലോക്ക്ഡൗണ്‍ കൃത്യസമയത്ത്; വിമര്‍ശനങ്ങളെ തള്ളി കേന്ദ്രം

നമ്മുടെ ആരോഗ്യസംവിധാനവും കൊവിഡ് രോഗികളുടെ ആധിക്യത്തില്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ചാണ് ലോക്ക്ഡൗണ്‍ നടപ്പാക്കിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 

Covid 19: strategy is fine tuning, slamming criticism
Author
New Delhi, First Published Jun 7, 2020, 10:08 PM IST

ദില്ലി: കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായിരുന്നെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം തെറ്റിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനം അടിസ്ഥാന രഹിതമാണെന്നും വിദഗ്ധരുടെ ഉപദേശം തേടിയിട്ടില്ലെന്ന മാധ്യമങ്ങളുടെ വിമര്‍ശനം കാര്യമില്ലാത്തതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

ലഭ്യമായ വിവരങ്ങളുടെയും അറിവുകളുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടതെന്ന ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെയും കേന്ദ്രം വിമര്‍ശിച്ചു. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ കേസുകളും മരണങ്ങളും വര്‍ധിക്കുന്ന ഗുരുതര സാഹചര്യമുണ്ടായി. നമ്മുടെ ആരോഗ്യസംവിധാനവും കൊവിഡ് രോഗികളുടെ ആധിക്യത്തില്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ചാണ് ലോക്ക്ഡൗണ്‍ നടപ്പാക്കിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ലോക്ക്ഡൗണിന്റെ പരിണിത ഫലങ്ങള്‍ സംസ്ഥാനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. ലോക്കഡൗണും മറ്റ് നിര്‍ദേശങ്ങളും രോഗവ്യാപനം കുറക്കാനും മരണസംഖ്യ കുറക്കാനും ജനത്തിന് മുന്‍കരുതല്‍ സ്വീകരിക്കാനും ഉപകരിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ വൈറസാണ് പൊട്ടിപ്പുറപ്പെട്ടത്. എല്ലാ കാര്യങ്ങളും ഇപ്പോഴും അറിവായിട്ടില്ല. സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. വിദഗ്ധരുമായും സാങ്കേതിക വിദഗ്ധരുമായും ശാസ്ത്രജ്ഞരുമായും സര്‍ക്കാര്‍ നിരന്തരം അഭിപ്രായം തേടിയിരുന്നു. സര്‍ക്കാറില്‍നിന്നും പുറത്തുനിന്നുമായി 21 വിദഗ്ധരെ ഉള്‍പ്പെടുത്തി നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മറ്റ് വിദഗ്ധ സമിതികളും രൂപീകരിച്ചു. ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനത്തെ ലോകാരോഗ്യ സംഘടനയടക്കം പ്രംശസിച്ചതാണ്. ജനസംഖ്യാടിസ്ഥാനത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യയിലെ കേസുകളുടെ എണ്ണവും മരണനിരക്കും കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുക. നാളെ മുതല്‍ പ്രധാന മേഖലകളിലെ ലോക്ക്ഡൗണ്‍ പൂര്‍ണമായി അവസാനിപ്പിക്കും. മാര്‍ച്ച് 25നാണ് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം, ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000ത്തോടടുക്കുകയാണ്. മരണ സംഖ്യയും വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതര്‍ 80000 കടന്നു. ഇന്ത്യയില്‍ രോഗ വ്യാപനം ഉണ്ടാകുന്നതിന് മുമ്പേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിദഗ്ധരുടെ ഉപദേശം തേടിയില്ലെന്നും ഒരുവിഭാഗം മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios