ദില്ലി/ തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് രാജ്യത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ അടച്ചിടൽ ഏപ്രിൽ 20 വരെ കര്‍ശനമായി തുടരുമെന്നും അതിന് ശേഷം സ്ഥിതി വിലയിരുത്തി മാത്രം ഉപാധികളോടെ ഇളവുകളെ കുറിച്ച് ആലോചിക്കാമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. ഇത് സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ രേഖ നാളെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 

ഒരാഴ്ച കൂടി കര്‍ശന നിയന്ത്രണം തുടരുക. സമ്പൂര്‍ണ്ണ അടച്ചിടൽ നടപ്പാക്കിയ ശേഷം സ്ഥിതി വിശദമായി വിലയിരുത്തി രോഗ വ്യാപന സാധ്യത കുറഞ്ഞ മേഖലകളിൽ മാത്രം ഉപാധികളോടെ ഇളവ് അനുവദിക്കുക എന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വക്കുന്നത്. ഇളവുകൾ അവശ്യ മേഖലക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. മാത്രമല്ല ഏതെങ്കിലും തരത്തിൽ സാഹചര്യം പിടിവിട്ട് പോകുന്ന അവസ്ഥയുണ്ടായാൽ കടുത്ത നിയന്ത്രണങ്ങൾ എല്ലാം അതേപടി പുനസ്ഥാപിക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകുന്നുണ്ട്. 

രോഗ വ്യാപന തോത് പിടിച്ച് നിര്‍ത്താനായ സംസ്ഥാനമെന്ന നിലയിൽ ഏപ്രിൽ ഇരുപതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന ചെറിയ ഇളവുകളെ ഏറെ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കാണുന്നത്. പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് ശേഷം ഇളവുകൾ വേണമെങ്കിൽ അതെങ്ങനെ എന്ന കാര്യത്തിൽ കേരളത്തിന്‍റെ നിലപാട് അറിയിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ കൂടി വിശദമായി അറിഞ്ഞ ശേഷമായിരിക്കും കേരളം ഇക്കാര്യത്തിൽ നിലപാടെടുക്കുക.നാളെ മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. 

തുടര്‍ന്ന് വായിക്കാംസംസ്ഥാനങ്ങൾക്ക് അഭിനന്ദനം പോര പണം വേണം; പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കെതിരെ തോമസ് ഐസക്ക്...
 കടുത്ത നിയന്ത്രണങ്ങൾ ഏറെ ദിവസം തുടരുന്ന അവസ്ഥയുണ്ടായാൽ ജനജീവിതം വഴിമുട്ടുമെന്ന വിലയിരുത്തൽ പൊതുവെയുണ്ട്. വിശദമായ സാമ്പത്തിക പാക്കേജ് അടക്കമുള്ള നടപടികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഉണ്ടാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. വിശദമായ മാര്‍ഗ്ഗ രേഖ വരാനിരിക്കെ അതിലാണ് ഇനി ബാക്കി പ്രതീക്ഷ. 
 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക