ചെന്നൈ: തമിഴ്നാട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സെക്ഷൻ 144 പ്രകാരം ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ശേഷം സംസ്ഥാനത്ത് എവിടെയും അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കാൻ പാടില്ലെന്ന് സംസ്ഥാനസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതിൽകൂടുതൽ പേർ കൂട്ടം കൂടി നിന്നാൽ പൊലീസ് നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.

ഒമ്പത് കൊവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്നാട് നിയമസഭയിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രസ്താവന നടത്തിയത്. 

കൊവിഡ് 19 പ്രതിരോധിക്കാനാണ് തിരക്കിട്ട ഈ നടപടിയിലേക്ക് തമിഴ്നാട് നീങ്ങുന്നത്. അതേസമയം, പാൽ, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, ധാന്യങ്ങൾ, ഇറച്ചി, മത്സ്യവിൽപന നിരോഝിച്ചിട്ടില്ല. ഇത്തരം മാർക്കറ്റുകളെല്ലാം തുറന്ന് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

എന്നാൽ, ബസ്സുകൾ, ക്യാബുകൾ, ടാക്സി സർവീസുകൾ, ഓട്ടോകൾ എന്നീ പൊതുഗതാഗതസംവിധാനങ്ങളെല്ലാം നാളെ വൈകിട്ടോടെ അവസാനിപ്പിക്കും. മാർച്ച് 24 മുതൽ മാർച്ച് 31 വരെയാണ് നിയന്ത്രണം. ഒപ്പം സർക്കാരോഫീസുകളും പ്രവർത്തിക്കില്ല. 

എല്ലാ സ്വകാര്യസ്ഥാപനങ്ങളോടും ജോലിക്കാർക്ക് വർക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്താൻ നിർദേശം നൽകിക്കഴിഞ്ഞു. സ്വകാര്യമേഖലയിൽ ഇനി ആശുപത്രികളല്ലാതെ വേറൊന്നും പ്രവർത്തിക്കാൻ പാടില്ല. 

അടിയന്തരാവശ്യത്തിന് പണിയുന്ന കെട്ടിടങ്ങളല്ലാതെ മറ്റെല്ലാ നിർമാണ പ്രവൃത്തികളും അടിയന്തരമായി നിർത്തിവയ്ക്കാനും ഉത്തരവിൽ പറയുന്നുണ്ട്. അവശ്യവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറികൾ മാത്രമേ ഇനി പ്രവർത്തിക്കാൻ പാടുള്ളൂ. അവ തന്നെ വളരെക്കുറച്ച് ആളുകളുമായി മാത്രമേ പ്രവർത്തിക്കാവൂ.

അതേസമയം, തുച്ഛമായ തുകയ്ക്ക് ഭക്ഷണം ലഭിക്കുന്ന അമ്മ കാന്റീനുകൾ അടയ്ക്കില്ലെന്ന് സംസ്ഥാനസർക്കാർ അറിയിക്കുന്നു. ഹോട്ടലുകൾ അടയ്ക്കണം. പക്ഷേ, ഡെലിവറി സർവീസുകൾ തുടരാം. വീടില്ലാത്തവർക്കും നിരാലംബരായവർക്കും ആശ്രയമായ അമ്മ കാന്റീനുകൾ നിർത്തിയാൽ അത് ഒരു വിഭാഗം ജനങ്ങളെത്തന്നെ പട്ടിണിയിലാക്കുമെന്ന വിലയിരുത്തലിലാണിത്. 

സംസ്ഥാനത്തെ എല്ലാ മാളുകളും, തീയറ്ററുകളും, വലിയ കടകളും സ്കൂളുകളും മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള എല്ലാ കോളേജുകളും മാർച്ച് 31 വരെ അടച്ചിടാനാണ് നിർദേശം. അമ്യൂസ്മെന്റ് പാർക്കുകൾ, മൃഗശാലകൾ, പൊതുപാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവയെല്ലാം അടച്ചിട്ടു. മറീന, എല്ലിയട്ട്സ്, പല്ലവാക്കം, തിരുവാൺമിയൂർ എന്നീ ബീച്ചുകളടച്ചു. 

കർണാടകം, കേരളം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുമായുള്ള അതിർത്തി തമിഴ്നാട് അടച്ചിരിക്കുകയാണ്. എന്നാൽ ചരക്ക് വാഹനങ്ങളുടെയും പാൽ, പെട്രോൾ, ഡീസൽ, മരുന്നുകൾ, ഗ്യാസ് സിലിണ്ടറുകൾ, പച്ചക്കറികൾ എന്നിവയുടെ ലോറികൾ തടയില്ല.

അതേസമയം, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും കേന്ദ്രഭരണപ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.