തന്നെ കളിയാക്കിയവര്‍ ഇപ്പോള്‍ കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയംതടവിലാണെന്ന് ബലാത്സംഗക്കേസില്‍ പ്രതിയായി രാജ്യം വിട്ട സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ.   ദേശീയമാധ്യമമായ ഇന്ത്യാ ടുഡേയാണ് നിത്യാനന്ദയെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

"എല്ലാവരില്‍നിന്നും വിട്ട് നിന്ന് ഞാന്‍ സ്വയം കൈലാസം എന്ന പുതിയ രാജ്യം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സമൂഹ്യമായ ഇടപെടലില്‍ നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്ന് ചിന്തിക്കുകയാണ്. അന്ന് എന്നെ കളിയാക്കിയവര്‍ കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന്‍ നമ്മളെ രക്ഷിക്കും".-നിത്യാനന്ദ പറഞ്ഞു.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നിത്യാനന്ദ വിദേശത്ത് ഒളിവിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇയാളെ പിടികൂടാന്‍ ഇന്‍റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. 

കഴിഞ്ഞ ഡിസംബറിലാണ് ഇക്വഡോറില്‍ സ്വന്തമായി ദ്വീപ് വാങ്ങി കൈലാസമെന്ന പേരില്‍ സ്വന്തം രാജ്യം സൃഷ്ടിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടത്. സ്വന്തമായി പതാക, പാസ്പോര്‍ട്ട് എന്നിവയുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇന്‍റര്‍പോള്‍ തിരയുമ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇയാള്‍ പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു.