ബെം​ഗളൂരു: അഹമ്മദാബാദിൽ നിന്ന് കൊവിഡ് ഭേദമായി കർണാടകത്തിലെ ചിത്രദുർഗയിലെത്തിയ മൂന്ന് പേർക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചു. അഹമ്മ​ദാബാദിൽ നിന്ന് ബസിൽ ക‍‍ർണാടകത്തിലെത്തിയ സംഘത്തിലുള്ളവ‍‌‌ർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. വീണ്ടും രോ​ഗം സ്ഥിരീകരിച്ച മൂന്ന് പേരെയും നിരീക്ഷണ കാലാവധി കഴിഞ്ഞ് അഹമ്മദാബാദിൽ നിന്ന് ഡിസ്ചാ‌‌ർജ്ജ് ചെയ്തിരുന്നു.

ക‍‌ർണാടകത്തിലെത്തിയ 33 അം​ഗ സംഘത്തിലെ 9 പേ‌ർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ഇന്ന് 41 പേ‌‍ർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ക‍ർണാടകത്തിലെ ആകെ രോ​ഗികളുടെ എണ്ണം 794 ആയി. ഇത് തുട‌‌ർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വ‍ർദ്ധനയുണ്ടാകുന്നത്.

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 12 പേ‍ർ ബെം​ഗളൂരുവിൽ നിന്നാണ്. ഉത്തര കന്നഡയിലെ എട്ട് പേർക്കും, തുംകൂരുവിലെ നാല് പേ‍ർക്കും, ബിദാ‍ർ, ചിത്രദു‍ർ​ഗ, ദക്ഷിണ കന്നഡ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും രോ​ഗം സ്ഥിരീകരിച്ചു. വിജയപുരയിലും ചിക്കബല്ലപൂരിലും ഓരോ ആൾക്കും രോ​ഗം സ്ഥിരീകരിച്ചു.

ക‌ർണാടകത്തിൽ ഇന്ന് 10 പേരാണ് രോ​ഗമുക്തരായത്. ഇത് വരെ സംസ്ഥാനത്ത് 386 പേരാണ് രോ​ഗ​മുക്തരായത്.