ദില്ലി: രാജ്യത്ത് കൊവിഡ് വാക്സീൻ വിതരണത്തിന് മുന്നോടിയായിട്ടുള്ള രണ്ടാം ഡ്രൈ റൺ വെള്ളിയാഴ്ച നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇത്തവണ ഡ്രൈറൺ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്‍റെ നേതൃത്വത്തിൽ ഇന്ന് ദില്ലിയിൽ ഉന്നതതലയോഗം ചേരും.

രാജ്യത്തെ 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലായാണ് ജനുവരി 2-ന് നേരത്തേ ഡ്രൈറൺ നടത്തിയത്. ഇത് വിജയകരമായിരുന്നെന്നും, ഇതിലെ ഫലങ്ങൾ കൂടി വിലയിരുത്തിയാകും എങ്ങനെ വാക്സീൻ വിതരണം നടത്തണമെന്ന നടപടിക്രമങ്ങൾ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനങ്ങൾക്കുള്ള വാക്സീൻ വിതരണം ജനുവരി 13-ന് തുടങ്ങാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഇതിന് മുന്നോടിയായാണ് വീണ്ടും ഡ്രൈറൺ നടത്തുന്നത്. 

ഇത് വാക്സീൻ വിതരണത്തിന്‍റെ രാജ്യവ്യാപകമായ വിപുലമായ റിഹേഴ്സലാകും. മുൻഗണന പട്ടികയിലെ ഒരു കോടി ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മൂന്ന് കോടി വരുന്ന കൊവിഡ് മുന്നണി പോരാളികൾക്ക് ആദ്യഘട്ടത്തിൽ വാക്സീൻ സൗജന്യമായിട്ടാണ് നൽകുക. ആദ്യഘട്ടത്തിലെ ബാക്കി 27 കോടിപ്പേർക്ക് സൗജന്യമായി നൽകണോ അതോ പണം ഈടാക്കി വാക്സീൻ നൽകണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും.

ഹരിയാനയിലെ കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ സംഭരണശാലകളിലാണ് ആദ്യം വാക്സീൻ എത്തുക. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ 37 വാക്സിൻ ഡിപ്പോകളിലേക്ക് എത്തിക്കും. ഇവിടെ നിന്നാകും ജില്ലാ, ബ്ലോക്ക് തലത്തിലേക്കും മരുന്ന് എത്തിക്കുക. ആദ്യം വാക്സീൻ ലഭിക്കുന്ന കൊവിഡ് മുന്നണിപ്പോരാളികൾ ഉൾപ്പെടെയുള്ളവർ രജിസ്ട്രേഷനായി കോ വിൻ ആപ്പിൽ വീണ്ടും പേര് നൽകേണ്ടതില്ല. ഇവരുടെ പേരുകൾ മുൻഗണനാ ക്രമപ്രകാരം സർക്കാർ നേരത്തേ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ഇവർക്ക് ശേഷമുള്ളവരാകും ആപ്പിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടി വരികയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.