Asianet News MalayalamAsianet News Malayalam

ഇറ്റലിയിൽ കുടുങ്ങിയവരെച്ചൊല്ലി ഇടതുസർക്കാർ രാഷ്ട്രീയം കളിക്കുന്നു: വി മുരളീധരൻ

സ്ഥാനവും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലെന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ട് പോകാനുള്ള ശ്രമങ്ങൾ ആളുകൾ തിരിച്ചറിയുമെന്നും വി മുരളീധരൻ ദില്ലിയിൽ പറഞ്ഞു

covid-19v muraleedharan takes a jibe at kerala government demand to lift travel ban
Author
Delhi, First Published Mar 11, 2020, 1:16 PM IST

ദില്ലി: ആരോഗ്യ മേഖലയിൽ നിലവിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രാജ്യം ഒറ്റക്കെട്ടായി പ്രശ്നങ്ങളെ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങൾ അപലപനീയമാണെന്നും ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലെന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ട് പോകാനുള്ള ശ്രമങ്ങൾ ആളുകൾ തിരിച്ചറിയുമെന്നും വി മുരളീധരൻ ദില്ലിയിൽ പറഞ്ഞു.  

ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് കൊവിഡ് 19 ബാധയില്ലെന്ന സർട്ടിഫിക്കറ്റ് നൽകാൻ അവിടേക്ക് ഒരു മെഡിക്കൽ ടീമിനെ അയക്കുന്ന കാര്യം പരിഗണിക്കുമെന്നും വി മുരളീധരൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉച്ചയ്ക്ക് ചേരുന്ന മന്ത്രിതല ഉന്നതാധികാരസമിതി അന്തിമതീരുമാനമെടുക്കും. 

വിദേശത്ത് നിന്ന് ഇന്ത്യൻ പൗരന്മാർക്ക് മടങ്ങാൻ കേന്ദ്ര സർക്കാരിന്‍റെ സർക്കുലർ തടസം സൃഷ്ടിക്കുന്നതായും ഇത് ഉടൻ പിൻവലിക്കണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. 'നോ-കൊവിഡ്' എന്ന, രോഗമില്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റില്ലാത്ത ആർക്കും ബോർഡിംഗ് പാസ് പോലും നൽകാത്ത സ്ഥിതിയാണ് ഇറ്റലിയിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും വിമാനത്താവളങ്ങളിൽ. ഇറ്റലിയിലെ മിലാൻ വിമാനത്താവളത്തിൽ മാത്രം ഇങ്ങനെ കുടുങ്ങിയിരിക്കുന്നത് 70 മലയാളികളാണ്. ഇവർക്കാർക്കും പുറത്ത് പോയി ഇത്തരമൊരു സർട്ടിഫിക്കറ്റ് ഇനി വാങ്ങാനാകില്ല. ഈ സർക്കുലർ പുറത്തിറങ്ങിയ വിവരം തന്നെ പലരുമറിയുന്നത് വിമാനത്താവളത്തിലെത്തിയ ശേഷമാണ്. ഇറ്റലിയിലെ ഇന്ത്യൻ എംബസിയടക്കം ഇത്തരമൊരു സർക്കുലറിനെക്കുറിച്ച് പ്രവാസികൾക്ക് ഒരു വിവരവും നൽകിയിട്ടുമില്ല. രോഗിയായത് കൊണ്ട് കയ്യൊഴിയുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിനെതിരെ പ്രതിപക്ഷവുമായി ചേർന്ന് ഉടനടി പ്രമേയം പാസ്സാക്കാനും വീണ്ടും കേന്ദ്രസർക്കാരിനെ സമീപിക്കാനുമാണ് കേരളസർക്കാർ ശ്രമിക്കുന്നത്. 

Read more at: 'കെട്ടിപ്പെറുക്കി ഇറങ്ങുമ്പോ എന്ത് സർട്ടിഫിക്കറ്റ്?', ഇറ്റലിയിൽ കുടുങ്ങിയ മലയാളികൾ

വിലക്ക് നീക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഉടന്‍ കത്ത് അയക്കുമെന്നും രാജ്യത്തെ പൗരന്മാരെ കൊണ്ടുവരാത്ത നടപടി അപരിഷ്കൃതമാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

യാത്രാ വിലക്കുകള്‍ കാരണം പ്രവാസികളുടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികള്‍ സ്വീകരിക്കണമെന്നും കാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios