ബംഗലൂരു: കര്‍ണാടകയിലെ കലബുറഗിയിൽ കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചയാളെ ആദ്യം ചികിത്സിച്ച ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ച മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖിയെ വീട്ടിലെത്തി പരിശോധിച്ച 63 കാരനായ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ നേരത്തെ നിരീക്ഷണത്തിലാക്കിയിരുന്നു. മരിച്ച വ്യക്തിയില്‍ നിന്നും നേരിട്ട് രോഗം ബാധിച്ച രണ്ടാമത്തെയാളാണ് ഇയാള്‍. നേരത്തെ മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖിയുടെ
മകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 

രാജ്യത്തെ ആദ്യ കൊവിഡ് മരണമായിരുന്നു കർണാടകത്തിലേത്. 76-കാരനായ മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖി സൗദിയിൽ ഉംറ ചടങ്ങിനായി പോയിരുന്നു. ഇവിടെ നിന്നാണ് രോഗം വന്നതെന്നാണ് വിലയിരുത്തല്‍. നേരത്തെ തന്നെ ആസ്ത്മ രോഗിയായിരുന്ന ഇയാള്‍ക്ക് വീട്ടിൽ എത്തിയപ്പോൾ തന്നെ ചുമ തുടങ്ങി. പനിയും വന്നതോടെ മാർച്ച്‌ ആറിന് കൽബുർഗിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഇദേഹത്തിന്‍റെ വീട്ടിലെത്തി പരിശോധിച്ചു. എന്നാൽ അസുഖം മാറിയില്ല. ചുമയും ശ്വാസതടസ്സവും പനിയും കൂടുതലായതോടെ മാർച്ച്‌ 9-ന് കൽബുർഗിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയക്കൊപ്പം കൊവിഡ് രോഗം ഉണ്ടെന്ന് സംശയിച്ചു ഡോക്ടർമാർ സാമ്പിളുകൾ പരിശോധിച്ചു.

കൽബുർഗിയിലെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. കൂടുതൽ പരിശോധനക്കായി സാമ്പിൾ ബെംഗളൂരുവിലേക്കും അയച്ചു. ഐസൊലേഷൻ വാർഡും സജ്ജമാക്കി. എന്നാൽ ഡോക്ടർമാരുടെ നിർദേശം മറികടന്ന് കുടുംബാംഗങ്ങൾ സിദ്ദിഖിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് തിരിച്ചു നാട്ടിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു മരണം. 

മാര്‍ച്ച് 10 നാണ് രോഗി മരിച്ചത്. ആറിനാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഇയാളെ വീട്ടിലെത്തി പരിശോധിച്ചത്. ഇതിന് ശേഷം ഇയാള്‍ മറ്റ് രോഗികളെ ചികിത്സിച്ചതായാണ് വിവരം. ഇവരാരൊക്കെയാണെന്നത് ഇനി കണ്ടെത്തേണ്ടതുണ്ട്. അതേ സമയം ബംഗലൂരുവില്‍ ബ്രിട്ടനില്‍ നിന്നെത്തിയ യുവതിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയും ഐസൊലേഷനിലേക്ക് മാറ്റി.