മുംബൈ:മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം കാൽലക്ഷം കടന്നു. ഇന്ന് 1495 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 25922 ആയി. ഇന്ന് മാത്രം 54 പേർ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 975 ലേക്കെത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായത് 5547 പേർക്കാണ്.  

മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 15000 കടന്നു. ധാരാവിയിൽ ഇന്ന് 66 പേർക്ക് രോഗം സ്ഥീരീകരിച്ചതോടെ ആകെ   രോഗികളുടെ എണ്ണം 1000 കടന്നു. 40 പേർ ധാരാവിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അതേസമയം പൊലീസുകാരുടെ ജോലിഭാരം കുറയ്ക്കാനായി 20 കമ്പനി കേന്ദ്ര സേനയെ സംസ്ഥാനത്തേക്കയക്കാൻ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രോഗവ്യാപനം തടയാൻ ജില്ലാ അതിർത്തികൾ പൂർണമായി അടയ്ക്കാൻ സ‍ർക്കാർ ആലോചിക്കുന്നുണ്ട്. 

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരാഴ്ചക്കുളളിൽ ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിലയിരുത്തൽ. 
ലോക്ക് ഡൗൺ തുടങ്ങി അമ്പത് ദിവസം പിന്നിടുമ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് ഇരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര, ദില്ലി, അഹമ്മദാബാദ്, ചെന്നൈ നഗരങ്ങളിലെ രോഗബാധ നിരക്കിലെ വർധനയാണ് കണക്കിലെ കുതിപ്പിന് പിന്നിൽ. പന്ത്രണ്ട് ദിവസത്തിനിടെ കേസുകൾ ഇരട്ടിക്കുന്നുവെന്നാണ് പുതിയ കണക്ക് വ്യക്തമാക്കുന്നത്. രോഗബാധ നിരക്ക് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇന്ത്യ പന്ത്രണ്ടാമതെത്തി.