കൊവിഡിൽ മരണം ഏഴായിരം കടന്നു. ആകെ മരണം 7135 ആയി. 24 മണിക്കൂറിനിടെ 206 പേരാണ് മരിച്ചത്. അതേ സമയം ലോക് ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉത്തരേന്ത്യയിൽ പ്രധാന ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറന്നു

ദില്ലി: കൊവിഡ് മഹാമാരി രാജ്യത്ത് പടര്‍ന്നു പിടിക്കുന്നു. കൊവിഡ് രോഗബാധിതരുടെ എണ്ണം രാജ്യത്ത് രണ്ടര ലക്ഷം പിന്നിട്ടു. ആകെ 2,56,611 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേ സമയം കൊവിഡിൽ മരണം ഏഴായിരം കടന്നു. ആകെ മരണം 7135 ആയി. 24 മണിക്കൂറിനിടെ 206 പേരാണ് മരിച്ചത്. 9983 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം 1,24,094 പേർക്ക് കൊവിഡ് ഭേദമായി. 1,25,381 പേര്‍ ചികിത്സയിലുണ്ട്. 

Scroll to load tweet…

അതേ സമയം ലോക് ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉത്തരേന്ത്യയിൽ പ്രധാന ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറന്നുതുടങ്ങി. ഉത്തർ പ്രദേശിലെ ഗോരഖ് നാഥ്‌ ക്ഷേത്രത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌ ദർശനം നടത്തി. ദില്ലി ജമാ മസ്ജിദും ലോധി റോഡിലെ സായി ബാബ മന്ദിറും ദില്ലി ഖാൻ മാർക്കറ്റിലെ വേളാങ്കണ്ണി മാതാ പള്ളിയും ദില്ലിയിലെ പ്രധാന ഗുരുദ്വാരകളും തുറന്നു. 

അതിനിടെ ദില്ലിക്കാർക്ക് മാത്രമായി കൊവിഡ് ചികിത്സ പരിമിതിപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ദില്ലി സര്‍ക്കാര്‍ പുറത്തിറക്കി. ചികിത്സ സമയത്ത് തെളിവുകളായി ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളടക്കം പുറത്തു വിട്ടു. വോട്ടർ ഐഡി, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഏറ്റവും ഒടുവിൽ അടച്ച വാട്ടർ, ഇലക്ട്രിസിറ്റി ബിൽ, ടെലഫോൺ ബില്ലുകളിൽ ഒന്ന്, ജൂൺ ഏഴിന് മുൻപുള്ള ആധാർ കാർഡ് ഇവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഉത്തരവിനെതിരെ ദില്ലിയിൽ പ്രതിഷേധം പുകയുന്നുണ്ട്. ദില്ലിയിൽ സ്ഥിരതാമസക്കാരല്ലാത്ത മലയാളികളെയടക്കം ഉത്തരവ് പ്രതികൂലമായി ബാധിക്കും. എന്നാല്‍ ദില്ലി അതിർത്തികൾ തുറന്നിട്ടുണ്ട്. 

അതിനിടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര ചൈനയെ മറികടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3007 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 85,975 ആയി. ചൈനയിൽ 83,036 പേരാണ് രോഗബാധിതരായത്. 91 പേരാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3060 ൽ എത്തി. 43591 പേരാണ് നിലവിൽ മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത്.