രാജ്യത്ത് കൊവിഡ് മരണനിരക്കും കുറഞ്ഞു. കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്‍തത് 12 കൊവിഡ് മരണമാണ്.
ദില്ലി: രാജ്യത്ത് കൊവിഡ് കണക്കുകളിൽ റെക്കോർഡ് കുറവ്. ആദ്യ ലോക്ഡൌണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിവാര കണക്കാണ് കഴിഞ്ഞ ആഴ്ച്ച റിപ്പോർട്ട് ചെയ്തത്. 1103 പേർക്കാണ് കഴിഞ്ഞ ഒരാഴ്ച്ച രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് വർഷം മുമ്പ് മാർച്ചിൽ ആദ്യ ലോക്ഡൌൺ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രതിവാര കണക്ക് ആയിരത്തില്‍ എത്തുന്നത്. ലോക്ഡൌൺ പ്രഖ്യാപിച്ച ആഴ്ച്ചയിൽ 734 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടടുത്ത ആഴ്ച്ചയിൽ ഇത് മൂവായിരം കടന്നു. പിന്നീടുള്ള രണ്ട് വർഷം കൊവിഡ് വ്യാപനത്തിന്‍റെ പല തലങ്ങളിലൂടെ രാജ്യം കടന്നു പോയി.
മൂന്ന് കൊവിഡ് തരംഗങ്ങളും, ഒമിക്രോൺ, ഡെൽറ്റ പോലുള്ള വകഭേദങ്ങളുമുണ്ടാക്കിയ ആശങ്കകളും രാജ്യം നേരിട്ടു. കഴിഞ്ഞ ജൂലൈ മുതൽ തുടർച്ചയായി അഞ്ചു മാസം കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുകയായിരുന്നു. മുൻ ആഴ്ച്ചയേക്കാൾ 19 ശതമാനം കുറവാണ് ഇയാഴ്ച്ച ഉണ്ടായത്. മരിച്ചവരുടെ എണ്ണം 12 ആയി കുറഞ്ഞു. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ചൈനയിലും ജപ്പാനിലും പല യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും ആശങ്ക ഉയർത്തുന്നതിനിടയിലാണ് ഇന്ത്യയിൽ കണക്കുകൾ ആശ്വാസമാകുന്നത്.
