ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവർക്ക് കരുതൽ ഡോസ് നൽകുന്നത് തുടരും

ദില്ലി: കൊവിഡിന്റെ (Covid) ബൂസ്റ്റർ ഡോസ് (Booster dose vaccine) നല്കുന്നതിൽ പുനരാലോചനയുമായി കേന്ദ്ര സർക്കാർ. ബൂസ്റ്റർ ഡോസ് എല്ലാവർക്കും ആവശ്യമില്ലെന്നാണ് വിദഗ്ധ ഉപദേശം. വിഷയത്തിൽ കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ നിലപാടും തേടിയിട്ടുണ്ട്. ബൂസ്റ്റർ ഡോസ് വാക്സീൻ നൽകിയാൽ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്നതിൽ തെളിവില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്. മറ്റ് പലരാജ്യങ്ങളും ഇതിനോടകം ബൂസ്റ്റർ വാക്സീൻ നൽകിയിട്ടുണ്ടെങ്കിലും ഒമിക്രോണിനെ പ്രതിരോധിക്കാൻ അതിന് സാധിച്ചിട്ടില്ലെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ അതേ സമയം ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവർക്ക് കരുതൽ ഡോസ് നൽകുന്നത് തുടരാമെന്നാണ് കേന്ദ്ര തീരുമാനം. 

YouTube video player

അതേ സമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനെയുള്ള പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാണ്. എന്നാൽ മരണസംഖ്യ തുടർച്ചയായി രണ്ടാം ദിവസവും 500 ന് മുകളിലെത്തി. 2,86,384 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 573 പേർ മരണമടഞ്ഞു. ടിപിആർ 19.59% ആണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 

Scroll to load tweet…

കർണാടകയിൽ 48,905 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 35,756 ഉം തമിഴ്നാട്ടിൽ 29,976 പേരും കൊവിഡ് ബാധിതരായി. രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ദില്ലിയിലെ നിയന്ത്രണം നീക്കുന്നത് ചർച്ച ചെയ്യാനുള്ള അവലോകന യോഗം ഇന്ന് ചേരും. ഹരിയാനയിൽ കൊവിഡ് നിയന്ത്രണം ഫെബ്രുവരി 10 വരെ നീട്ടി