Asianet News MalayalamAsianet News Malayalam

രാജ്യത്ത് 24 മണിക്കൂറിൽ 3.63 ലക്ഷം രോഗികൾ, 4100 മരണം, തുല്യതയില്ലാതെ വാക്സീൻ വിതരണം

രാജ്യത്തെ വാക്സീൻ വിതരണത്തിൽ തുല്യതയില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 18-നും 45-നും ഇടയിലെ കുത്തിവയ്പ് 85 ശതമാനവും 7 സംസ്ഥാനങ്ങളിലാണ്. മറ്റ് സംസ്ഥാനങ്ങൾ പലതും 45 വയസ്സിന് താഴെയുള്ളവരുടെ വാക്സീൻ വിതരണം നിർത്തിയിരിക്കുകയാണ്. 

covid cases in india as on 13 may 2021
Author
New Delhi, First Published May 13, 2021, 9:26 AM IST

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.63 ലക്ഷം കൊവിഡ് രോഗികൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ്. 4100 പേരാണ് 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 

കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താൽ ലോകത്തെ പ്രതിദിനരോഗികളിൽ 50 ശതമാനം  പേരും ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. ലോകത്ത് 10 ദിവസത്തിനകം മരിച്ചവരിൽ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്. ഇന്ത്യയിൽ കാണപ്പെടുന്ന കൊവിഡ് 19 വൈറസിന്‍റെ B 1. 617 എന്ന വകഭേദം അതീവവ്യാപനശേഷിയുള്ളതാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുകയാണ്. എത്രത്തോളം വ്യാപനശേഷിയുണ്ട് ഈ വൈറസ് വകഭേദത്തിന് എന്നത് ലോകാരോഗ്യസംഘടന പഠിച്ച് വരികയാണ്. 

അതേസമയം, രാജ്യത്തെ വാക്സീൻ വിതരണത്തിൽ തുല്യതയില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 18-നും 45-നും ഇടയിലെ കുത്തിവയ്പ് 85 ശതമാനവും 7 സംസ്ഥാനങ്ങളിലാണ്. മറ്റ് സംസ്ഥാനങ്ങൾ പലതും 45 വയസ്സിന് താഴെയുള്ളവരുടെ വാക്സീൻ വിതരണം നിർത്തിയിരിക്കുകയാണ്. തുല്യമായതോ രോഗികളുടെ എണ്ണമനുസരിച്ചുള്ള അനുപാതത്തിലോ അല്ല വിവിധ സംസ്ഥാനങ്ങളിലേക്ക് കമ്പനികൾ വാക്സീൻ ഡോസുകൾ എത്തിക്കുന്നതെന്നും ഈ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. 

മെയ് 1 മുതലാണ് 18-നും 45-നും വയസ്സിനും മുകളിലുള്ളവരുടെ വാക്സീനേഷൻ കേന്ദ്രസർക്കാർ തുടങ്ങാൻ വിവിധ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. ഇതോടനുബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ 50-50 ഫോർമുലയുള്ള വാക്സീൻ നയം വിവാദമാവുകയും ചെയ്തിരുന്നു. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭാരത് ബയോടെക്കിൽ നിന്നും വാക്സീൻ 50 ശതമാനം കേന്ദ്രസർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നും, മറ്റ് 50 ശതമാനം സംസ്ഥാനങ്ങൾ സ്വമേധയാ വാങ്ങണമെന്നുമായിരുന്നു നയത്തിലെ നിർദേശം. കേന്ദ്രം നൽകുന്ന 50 ശതമാനം വാക്സീൻ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും അടിയന്തര ആവശ്യമുള്ളവർക്കും നൽകണമെന്നാണ് നിർദേശം. സംസ്ഥാനങ്ങൾ വാങ്ങുന്ന 50 ശതമാനത്തിൽ നിന്ന് വേണം 45 വയസ്സിൽ താഴെയുള്ളവർക്ക് വാക്സീൻ നൽകാൻ. 

എന്നാൽ ഈ മൂന്നാംഘട്ട വാക്സീനേഷൻ തുടങ്ങി 12 ദിവസം പിന്നിടുമ്പോൾ വാക്സീൻ വിതരണത്തിൽ സർവത്ര ആശയക്കുഴപ്പമാണ് ദൃശ്യമാകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മെയ് 1മുതൽ 12 വരെ, 35 ലക്ഷം ഡോസ് വാക്സീൻ ഡോസുകളാണ് 45 വയസ്സിൽ താഴെയുള്ളവർക്കായി വിവിധ സംസ്ഥാനങ്ങൾ വിതരണം ചെയ്തത്. 

ഇതിൽ ഏഴ് സംസ്ഥാനങ്ങളിലാണ് ആകെ വാക്സീൻ ഡോസുകളിൽ 85 ശതമാനവും വിതരണം ചെയ്തത്. മഹാരാഷ്ട്ര (6.25 ലക്ഷം), രാജസ്ഥാൻ (5.49 ലക്ഷം), ദില്ലി (4.71 ലക്ഷം), ഗുജറാത്ത് (3.86 ലക്ഷം), ഹരിയാന (3.55 ലക്ഷം), ബിഹാർ (3.02 ലക്ഷം), ഉത്തർപ്രദേശ് (2.62 ലക്ഷം) എന്നിവയാണ് ഏഴ് സംസ്ഥാനങ്ങളും, വിതരണം ചെയ്ത വാക്സീൻ ഡോസുകളുടെ എണ്ണവും. 

വാക്സീനിൽ തുല്യതയും ആനുപാതികമായ വിതരണവും ഉറപ്പുവരുത്തുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഉറപ്പുകളെല്ലാം അട്ടിമറിക്കപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ ഒരു ഫോർമുല വാക്സീൻ വിതരണത്തിലില്ലാത്തത് വലിയ പ്രതിസന്ധിയാവുകയാണ്. 

അതേസമയം, രോഗവ്യാപനം കൂടുന്ന, ലോക്ക്ഡൗണിലുള്ള മിക്ക തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും 18-45 പ്രായപരിധിയിലുള്ളവരുടെ വാക്സീൻ വിതരണം തീരെക്കുറവാണ്. വാക്സീൻ ലഭ്യതയില്ലായ്മ തന്നെയാണ് പ്രധാനകാരണം. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ള കർണാടകത്തിൽ 45 വയസ്സിന് താഴെയുള്ളവർക്ക് വെറും 74,015 ഡോസുകളേ നൽകിയിട്ടുള്ളൂ. സംസ്ഥാനത്ത് നിലവിൽ 5.87 ലക്ഷം പേർ രോഗികളായി ചികിത്സയിലുണ്ടെന്നോർക്കണം. 

അതേസമയം, ഏറ്റവും കുറച്ച് മാത്രം വാക്സീനുകൾ പാഴാക്കിക്കളഞ്ഞ, വാക്സീൻ കൃത്യമായി ഉപയോഗിക്കുന്നതിൽ അഭിനന്ദനീയമായ ട്രാക്ക് റെക്കോഡുള്ള കേരളത്തിൽ 18-45 പ്രായപരിധിയിലുള്ളവർക്ക് മെയ് 12 വരെ വെറും 771 ഡോസുകൾ മാത്രമേ നൽകിയിട്ടുള്ളൂ. ആകെ വാക്സീൻ ഡോസ് വിതരണം കേരളത്തിൽ ഇത് വരെ 81.12 ലക്ഷമാണ്. 

എങ്ങനെയാണ് വാക്സീൻ നയത്തിലെ ഈ പാളിച്ചകൾ കേന്ദ്രസർക്കാർ പരിഹരിക്കുന്നതെന്നതാണ് ചോദ്യചിഹ്നമായി നിൽക്കുന്നത്. വാക്സീൻ നയത്തെക്കുറിച്ച് സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് കേൾക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ബഞ്ചിന്‍റെ അധ്യക്ഷനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. അതിനാൽ കേസ് ഇന്ന് പരിഗണിക്കില്ലെന്ന് ഇന്നലെ സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios