Asianet News MalayalamAsianet News Malayalam

Covid : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 100 ദിവസത്തിനിടയിലെ ഉയർന്ന നിരക്കിൽ

24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 7,584 കേസുകൾ, പ്രതിദിന വർധന 100 ദിവസത്തിനിടയിലെ ഉയർന്ന നിരക്കിൽ

Covid cases increases in country 7500 cases recorded in 24 hours
Author
Delhi, First Published Jun 10, 2022, 7:52 AM IST

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ കുതിപ്പ്. 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 7,500 കേസുകളാണ്. കഴിഞ്ഞ 100 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വ‌ർധനയാണിത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്ന് ഓർമ്മിപ്പിച്ച്  കേന്ദ്രം കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തിയിരുന്നു. തുടർച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കിൽ 40 ശതമാനം വ‌ർധനയുണ്ടായതിന് പിന്നാലെയാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയത്. പരിശോധനയും വാക്സിനേഷനും  കൂട്ടാനാണ് കേന്ദ്രത്തിന്റെ നിർദേശം. മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിർ‍ദേശിച്ചിട്ടുണ്ട്. 

ബുധനാഴ്ച 5,233 കേസുകളും ഇന്നലെ 7,240 കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് ഒന്നിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരം കടന്നത് ഇന്നലെയായിരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകൾ. മഹാരാഷ്ട്രയിൽ ജനുവരി 25ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം കൂടുതലാണെങ്കിലും സംസ്ഥാനത്ത് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ പതിനായിരത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളവും മഹാരാഷ്ട്രയും കൂടാതെ ദില്ലി, ബംഗാൾ, ഹരിയാന തുടങ്ങിയ ഇടങ്ങളിലും കൊവിഡ് കേസുകൾ വർധിച്ചു. ദില്ലിയിൽ മാസങ്ങൾക്ക് ശേഷം അഞ്ഞൂറിലധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. നൂറിന് മുകളിൽ കേസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. പ്രാദേശിക അടിസ്ഥാനത്തിൽ പരിശോധന കൂട്ടി നിയന്ത്രണങ്ങളേർപ്പെടുത്തി രോഗവ്യാപനം പിടിച്ചുകെട്ടാനാണ് കേന്ദ്രസര്‍ക്കാരിന്‍റെറെ ആലോചന.

കേരളത്തിൽ കേസുകൾ ഉയരുന്നു, പരിശോധന കർശനമാക്കാൻ നിർദേശം

സംസ്ഥാനത്ത് കൊവിഡ്  പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കൊവിഡ് കേസുകള്‍ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട. ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണ്. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ധാരാളം പനി കേസുകള്‍ വരുന്നതിനാല്‍ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. 

സംസ്ഥാനത്ത് ഇന്നലെ 2415  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളത്താണ് കൂടുതൽ കേസുകൾ, 796. തിരുവനന്തപുരത്തും 368ഉം കോട്ടയത്ത് 260ഉം കോഴിക്കോട് 213 ഉം കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളിലും കേസുകൾ കൂടുകയാണ്. സംസ്ഥാനത്തെ ഇന്നലെ 5 കൊവിഡ് മരണവും സ്ഥിരീകരിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയും നിർദേശം നൽകിയിട്ടുണ്ട്. മാസ്‍ക് നിർബന്ധമായും ധരിക്കണം എന്നും അദ്ദേഹം നി‍ർദേശിച്ചു. 
 

Follow Us:
Download App:
  • android
  • ios