ആശുപത്രിയിലെ മിക്ക വിഭാഗങ്ങളിലും ജീവനക്കാര്‍ കൊവിഡ് പോസിറ്റീവാകുന്നത്, ശേഷിച്ച ജീവനക്കാരില്‍ ജോലി ഭാരം അധികരിക്കുന്നതിനും കാരണമാവുകയാണ്.

കൊവിഡ് വ്യാപനത്തിന് പിന്നാലെ ദില്ലിയിലെ ആശുപത്രികള്‍ക്ക് തലവേദനയായി ജീവനക്കാരും കൊവിഡ് രോഗികളാവുന്നു. കഴിഞ്ഞ പതിനെട്ട് ദിവസമായി നേരിടുന്ന ഓക്സിജന്‍ ക്ഷാമത്തിന് പിന്നാലെയാണ് ഇത്. രോഹിണിയിലുള്ള സരോജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ 86 ജീവനക്കാരാണ് കൊവിഡ് പോസിറ്റീവായത്. സരോജിലെ മുതിര്‍ന്ന സര്‍ജനായ എ കെ റാവത്ത് കൊവിഡ് ബാധിച്ചുമരിച്ചു.

ആശുപത്രിയിലെ മിക്ക വിഭാഗങ്ങളിലും ജീവനക്കാര്‍ കൊവിഡ് പോസിറ്റീവാകുന്നത്, ശേഷിച്ച ജീവനക്കാരില്‍ ജോലി ഭാരം അധികരിക്കുന്നതിനും കാരണമാവുകയാണ്. ദില്ലിയില്‍ കഴിഞ്ഞ മാസത്തിനിടയില്‍ 317 ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സരോജ് ആശുപത്രിയില്‍ 27 വര്‍ഷമായി സേവനം ചെയ്യുന്ന വ്യക്തിയാണ് ഡോക്ടര്‍ റാവത്ത്. ഡോക്ടര്‍മാരും നഴ്സുമാരും വാര്‍ഡ് ബോയിമാരും മറ്റ് ജീവനക്കാരുമടക്കം 86 പേരാണ് സരോജില്‍ കൊവിഡ് രോഗികളായിരിക്കുന്നതെന്നാണ് ആശുപത്രി മാനേജ്മെന്‍റ് വിശദമാക്കുന്നത്.

ബത്ര ആശുപത്രിയില്‍ 20 ഡോക്ടര്‍മാരും 20 പാരമെഡിക്കല്‍ ജീവനക്കാരും കൊവിഡ് പോസിറ്റീവാണ്. കടുത്ത ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത ആശുപത്രി കൂടിയാണ് ഇവിടം. വസന്ത് കുഞ്ചിലെ ഇന്ത്യന്‍ സ്പൈനല്‍ ഇന്‍ജുറീസ് സെന്‍റിറിലെ നൂറ് ഡോക്ടര്‍മാരാണ് കൊവിഡ് പോസിറ്റീവായത്. ഇവരില്‍ 30 ലേറെപ്പേര്‍ ഇപ്പോഴും ക്വാറന്‍റൈനിലാണ്. കര്‍കര്‍ദൂമയിലെ ശാന്തി മുകുന്ദ് ആശുപത്രിയിലെ 90 ആരോഗ്യ പ്രവര്‍ത്തകരാണ് കൊവിഡ് പോസിറ്റീവായിട്ടുള്ളത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona