ആരോഗ്യമന്ത്രിയായി മൻസുഖ് മാണ്ഡവ്യ ചുമതലയേറ്റതിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കമ്പനി കൂടി ഇന്ത്യയുടെ നിലപാട് അംഗീകരിക്കുകയാണെങ്കില്‍ മൊഡേണ ഉടന്‍  ഇന്ത്യയിലെത്തും

ദില്ലി: കൊവിഡുമായി ബന്ധപ്പെട്ട് മൊഡേണക്ക് നഷ്ടപരിഹാര നിയമങ്ങളിൽ ഇന്ത്യ ഇളവ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. നിബന്ധനകളോടെയുള്ള നിയമ പരിരക്ഷയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കമ്പനി കൂടി ഇന്ത്യയുടെ നിലപാട് അംഗീകരിച്ചാല്‍ 70 ലക്ഷം ഡോസ് വാക്സീന്‍ ആദ്യഘട്ടമായി ഇന്ത്യയിലെത്തും.

ആഗോളതലത്തില്‍ 80 ദശലക്ഷം ഡോസ് വാക്സീന്‍ വിതരണം ചെയ്യുമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാര വ്യവസ്ഥകളില്‍ ഇളവുകള്‍ നല്‍കി കൊണ്ടുള്ള ഇന്ത്യയുടെ നീക്കം. വലിയ തർക്കം നിലനിന്നിരുന്ന നഷ്ടപരിഹാര വ്യവസ്ഥകളില്‍ നിബന്ധനകളോടെ ഇന്ത്യ നിയമ പരിരക്ഷ വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യവസ്ഥകളില്‍ മാറ്റമുണ്ടാകുമെന്നാണ് ഇന്ത്യയുടെ നിലപാട്.

ആരോഗ്യമന്ത്രിയായി മൻസുഖ് മാണ്ഡവ്യ ചുമതലയേറ്റതിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കമ്പനി കൂടി ഇന്ത്യയുടെ നിലപാട് അംഗീകരിക്കുകയാണെങ്കില്‍ മൊഡേണ ഉടന്‍ ഇന്ത്യയിലെത്തും. ആദ്യഘട്ടമായി 70 ലക്ഷം ഡോസ് മൊഡേണ വാക്സീന്‍ ഇറക്കുമതി ചെയ്യും. മൊഡേണ വാക്സീൻ ഇറക്കുമതി ചെയ്യാന്‍ അടുത്തിടെ കേന്ദ്രസർക്കാര്‍ മരുന്ന് കമ്പനിയായ സിപ്ലക്ക് അനുമതി നല്‍കിയിരുന്നു. ബംഗ്ലാദേശിലും പാകിസ്ഥാനിലും മൊഡേണ വാക്സീന് അനുമതി നല്‍കിയിട്ടുണ്ട്. നിയമപരിരക്ഷ വാഗ്ദാനം ചെയ്തതത് ഫൈസര്‍, ജോണ്‍സൺ ആന്റ് ജോണ്‍സൺ വാക്സീനുകളുടെ ഇറക്കുമതിയിലും നിര്‍ണായകമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona