ഫെബ്രുവരി 14 ന് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റഘട്ടമായി ആണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുക.
അമൃത്സര്‍: പഞ്ചാബിൽ ( Punjab) മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൊവിഡ് ( Covid 19) സ്ഥിരീകരിച്ചു. കൊവിഡ് സ്ഥരീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ എസ് കരുണരാജു തന്നെയാണ് വെളിപ്പെടുത്തിയത്. ഫെബ്രുവരി 14 ന് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റഘട്ടമായി ആണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുക. ആകെ 117 സീറ്റുകളാണ് പഞ്ചാബിലുള്ളത്. കേവലഭൂരിപക്ഷത്തിന് 59 സീറ്റുകൾ വേണം. ഈ മണ്ഡലങ്ങളെല്ലാം പ്രധാനമായും മാഝ, ദാവോബ, മാൾവ എന്നീ മേഖലകളിലായി പരന്നുകിടക്കുന്നു. കോൺഗ്രസിന്‍റെ കയ്യിലുള്ള ഭരണം ഇത്തവണ പോകുമോ എന്നതാണ് പഞ്ചാബിലുയരുന്ന നിർണായക ചോദ്യം. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇപ്പോൾ ബിജെപി പാളയത്തിലാണ്.
കോൺഗ്രസിൽ പാളയത്തിൽ പടയാണ്. ചരൺജീത് സിംഗ് ചന്നിയെന്ന, അത് വരെ സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനല്ലാതിരുന്ന ഒരു മുഖ്യമന്ത്രിയുടെയും, എന്തും തുറന്നടിക്കുന്ന നവ്ജോത് സിംഗ് സിദ്ദുവെന്ന പിസിസി അധ്യക്ഷന്‍റെയും നേതൃത്വത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. ആര് മുഴക്കും പഞ്ചാബിൽ വിജയത്തിന്‍റെ ഭാംഗ്ര താളമെന്നത് കണ്ടുതന്നെ അറിയണം. ചരൺജീത് സിംഗ് ചന്നി പഞ്ചാബിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയാണ്. ചന്നിക്കെതിരെ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങളുടെ അമ്പെയ്തിട്ടുള്ള നവ്ജോത് സിംഗ് സിദ്ദുവുമായി, ചന്നി ഒത്തുപോകുമോ എന്നാണ് കണ്ടറിയേണ്ടത്.
