കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 46,61,724 പ്രതിദിന രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 853 പേർ മരണമടഞ്ഞു

ദില്ലി: രാജ്യത്ത് ആകെ കൊവിഡ് മരണം നാല് ലക്ഷം പിന്നിട്ടു. ഇതുവരെ കൊവിഡ് രോഗബാധിതരായി 4,00,312 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 46,61,724 പ്രതിദിന രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 853 പേർ മരണമടഞ്ഞു. 5,09,637 പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളത്. 34,00,76,232 പേർ രാജ്യത്ത് വാക്സീൻ സ്വീകരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 

Scroll to load tweet…

അതേ സമയം കൊവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് സഹാധനം നൽകണമെന്ന സുപ്രീം കോടതി വിധിയിൽ കേന്ദ്ര സർക്കാർ കൂടിയാലോചന ആരംഭിച്ചു. മരണ സർട്ടിഫിക്കറ്റ് തിരുത്തുന്നതടക്കം എങ്ങനെ നടപ്പാക്കാമെന്നാണ് കേന്ദ്രം ചർച്ച ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക സമിതിക്ക് കേന്ദ്രം രൂപം നൽകിയേക്കും.

കൊവിഡ് ഭേദമായ ശേഷം അനുബന്ധ രോഗങ്ങൾ മൂലം മൂന്നുമാസത്തിനിടെ മരിച്ചാൽ പോലും കൊവിഡ് മരണമായി നിശ്ചയിക്കണമെന്നും സുപ്രീംകോടതിയുടെ നിർണായക വിധിയിൽ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൊവിഡ് മരണം രേഖപ്പെടുത്തുന്നതിലെ മാനദണ്ഡം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പൊളിച്ചെഴുതേണ്ടി വരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona