24 മണിക്കൂറിനിടെ 311 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 11929 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 320922 ആയി. 

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി. 24 മണിക്കൂറിനിടെ 311 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 11929 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 320922 ആയി.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോ​ഗികളുളളത്. 104568 പേർക്കാണ് ഇതുവരെ ഇവിടെ രോ​ഗം ബാധിച്ചത്. തമിഴ്നാട്ടിൽ 42687 രോ​ഗബാധിതരാണ് ഇപ്പോഴുള്ളത്. ദില്ലിയിൽ 38958 പേർ കൊവിഡ് ബാധിതരായെന്നാണ് റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് രോ​ഗമുക്തി നിരക്ക് അമ്പത് ശതമാനത്തിന് മുകളിലെത്തി . 50.59 ശതമാനം പേർക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ദില്ലിയിൽ നഴ്സിംഗ് ഹോമുകൾക്കും കൊവിഡ് ചികിത്സ നടത്താമെന്ന് തീരുമാനമായി. പത്തു മുതൽ 49 വരെ ബെഡുകൾ ഉള്ള നഴ്സിംഗ് ഹോമുകൾക്കാണ് ചികിത്സക്ക് അനുമതി. ഇതു സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കി

ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാല്‍, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ തുടങ്ങിയവര്‍ യോ​​ഗത്തിൽ പങ്കെടുക്കും. ദില്ലിയില്‍ തുടര്‍ ദിവസങ്ങളില്‍ സ്വീകരിക്കേണ്ട കൂടുതല്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. ദില്ലിയിലെ മേയര്‍മാരെയും അമിത്ഷാ ഇന്ന് കാണും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച അവലോകന യോഗത്തിലും ദില്ലിയിലെ സാഹചര്യം ചര്‍ച്ചയായിരുന്നു. ദില്ലിയിൽ കൊവിഡ് മരണ നിരക്കും രോഗബാധയും കൂടുകയും രോഗ മുക്തി നേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നത് കനത്ത ആശങ്കയാണ് ഉയർത്തുന്നത്. 

Read Also: സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം രണ്ടാം ഘട്ടത്തിൽ കുറവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ...