ദില്ലി: രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,079 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വ‌ർധനയാണ് ഇത്. ഇന്നലെയാണ് ആദ്യമായി പ്രതിദിന വ‌‌ർധന അമ്പതിനായിരം കടന്നത്. 24 മണിക്കൂറിനിടെ 779 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 16,38,871 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇത് വരെ 35,749 പേരാണ് രാജ്യത്ത് രോഗബാധ മൂലം മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകൾ. 

24 മണിക്കൂറിനിടെ 37,223 പേർ കൂടി രോഗമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇത് വരെ 10,57,805 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. നിലവിൽ 5,45,318 പേരാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയിൽ പതിനൊന്നായിരത്തിനും ആന്ധ്രപ്രദേശിൽ പതിനായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കർണ്ണാടകത്തിൽ ആറായിരത്തിനും തമിഴ്നാട്ടിൽ അയ്യായിരത്തിനും മുകളിൽ കേസുകൾ സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ ആകെ രോഗികളുടെ എണ്ണം എൺപതിനായിരം കടന്നു.

അതേ സമയം അൺലോക്ക് രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും. അർദ്ധരാത്രി നിലവിൽ വരുന്ന അൺലോക്ക് മൂന്നിൽ രാത്രി കർഫ്യൂ പിൻവലിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ച് മുതൽ ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറക്കാനും അനുമതിയുണ്ട്.