വിദേശ കണക്കുകള്‍ തള്ളിയ കേന്ദ്രം മരണക്കണക്കുകളില്‍ അസാധാരണ വർധനയില്ലെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2020 ല്‍  6 ശതമാനം വർധനയേ ഉള്ളു എന്നും വിശദീകരിക്കുന്നു. 

ദില്ലി: ഇന്ത്യയിലെ കൊവിഡ് (Covid Death)മരണസംഖ്യയെ കുറിച്ചുള്ള വിദേശ കണക്കുകള്‍ തള്ളി കേന്ദ്രസർക്കാർ. 2020 ല്‍ രജിസ്റ്റര്‍ ചെയ്ത മരണസംഖ്യയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വർധനയേ ഉണ്ടായിട്ടുള്ളുവെന്നാണ് സർക്കാര്‍ വാദം. ഇന്ത്യയില്‍ നാല്‍പ്പത് ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തിയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശ കണക്കുകള്‍ തള്ളിയ കേന്ദ്രം മരണക്കണക്കുകളില്‍ അസാധാരണ വർധനയില്ലെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2020 ല്‍ 6 ശതമാനം വർധനയേ ഉള്ളു എന്നും വിശദീകരിക്കുന്നു. 

രാജ്യത്ത് കൊവിഡ് മരണക്കണക്കില്‍ അസാധാരണമായ ഉയർച്ച ഉണ്ടായിട്ടില്ലെന്നാണ് ആകെ മരണകണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്രം വ്യക്തമാക്കുന്നത്. 2019 ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 76 ലക്ഷം മരണമാണ്. ഇത് 2020 ല്‍ 81 ലക്ഷമായി. ആകെ ആറ് ശതമാനത്തിന്‍റെ വര്‍ധനയാണ് മഹാമാരി ആ‌ഞ്ഞടിച്ച് വര്‍ഷം ഇന്ത്യയിലുണ്ടായെന്നാണ് സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ‍് മരണമായി 2020 ല്‍ രജിസ്റ്റർ ചെയ്തത് 1.42 ലക്ഷമാണെന്നും രജിസ്ട്രാർ ജനറലിന്‍റെ കണക്കുകളിലുണ്ട്.

എന്നാല്‍ ലോകാരോഗ്യ സംഘടനയുടേതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതതുമായി ഈ കണക്കുകളില്‍ വലിയ അന്തരമുണ്ട്. ആകെ നാല്‍പ്പത് ലക്ഷം പേർ ഇന്ത്യയില്‍ മാത്രം കൊവി‍ഡ് ബാധിച്ചു മരിച്ചുവെന്ന് ഡബ്ലുഎച്ചഒ കണ്ടെത്തിയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് തള്ളിയ സ‌ർക്കാർ ലോകാരോഗ്യസംഘടന മരണം കണക്കാക്കുന്ന രീതി തെറ്റാണെന്നാണ് വിമ‍ർശിക്കുന്നത്. 

ഡബ്ല്യൂഎച്ച് ഒയുമായി ഇക്കാര്യത്തില്‍ പല തവണ ബന്ധപ്പെട്ട് ഇന്ത്യ എതിർപ്പറിയിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ യഥാർത്ഥത്തില്‍ ഒരു കോടി അന്‍പത് ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ 61 ലക്ഷമാണ് ആഗോളതലത്തിലെ കൊവിഡ് മരണക്കണക്ക്.