ദില്ലി: ദില്ലിയിലെ പ്രെമിസ് (PRIMUS) ആശുപത്രിയിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് നഴ്സുമാരുടെ പ്രതിഷേധം. കൊവിഡ് വാർഡിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകുന്നില്ലെന്നാണ് നഴ്സുമാരുടെ പരാതി. നൂറിലധികം മലയാളി നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. 

കൊവിഡ് വാർഡിൽ രോഗികൾക്കും നഴ്സുമാർക്കും ഒരേ ശുചിമുറിയാണ് നൽകിയിരിക്കുന്നതെന്ന് നഴ്സുമാർ പറയുന്നു. കഴിഞ്ഞ മാസത്തെ ശമ്പളവും വെട്ടിക്കുറച്ചിട്ടുണ്ട്. ആശുപത്രിക്ക് മുമ്പിലാണ് നഴ്സുമാർ പ്രതിഷേധിക്കുന്നത്. 

അതേസമയം, കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ കൊവിഡ് ആശുപത്രിയാക്കാൻ തീരുമാനമായി. ന്യൂ ഫ്രണ്ട്സ് കോളനിയിലുള്ള ഹോട്ടൽ സൂര്യ ആണ് കൊവിഡ് ആശുപത്രിയാക്കുന്നത്. ഹോളി ഫാമിലി ആശുപത്രിയോട് ചേർന്നായിരിക്കും ഈ ചികിത്സാകേന്ദ്രം പ്രവർത്തിക്കുക. 

അതിനിടെ, ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് അദ്ദേഹത്തെ രാജീവ് ​ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  സ്രവസാമ്പിൾ കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കെജരിവാൾ, ദില്ലി ലഫ്.ഗവർണർ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Read Also: ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ സീറ്റുകൾ വർധിപ്പിക്കുമെന്ന് സർക്കാർ...