ചെന്നൈ: കൊവിഡ് വൈറസ് പടരുന്നത് തടയാനുള്ള മുൻകരുതൽ നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നതിനിടെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് കൊവിഡ് ബാധിതൻ ഓടിപ്പോയി. ഇയാൾ വീട്ടിലെത്തിയെന്ന വിവരം വീട്ടുകാർ അറിയിച്ചപ്പോഴാണ് ആശുപത്രി അധികൃതർ പോലും അറിഞ്ഞത്. രോഗിയെ അന്വേഷിച്ചെത്തിയ പൊലീസിനെ രോഗം പരത്തുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. തമിഴ്നാട്ടിൽ സ്ഥിതി ഗുരുതരമായി തുടരുന്നതിനിടെയാണ് രോഗികളുടെ ഭാഗത്തു നിന്നും ഇത്തരത്തിൽ പ്രതികൂല പെരുമാറ്റമുണ്ടാകുന്നത്. 

ഇടുക്കിയിൽ 23 കാരന് കൊവിഡ്; നിലമ്പൂരിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ 9 പേർ നിരീക്ഷണത്തിൽ

തമിഴ്നാട്ടിൽ 52 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതർ 1937 ആയി. ചെന്നൈയിൽ മാത്രം 570 രോഗബാധിതരുണ്ട്. ചെന്നൈയിൽ വൽസരവാക്കം സ്വദേശിയായ ബാർബർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ ചെന്നൈയിൽ നിരവധി വീടുകളിൽ പോയി ജോലി ചെയ്തിരുന്നു. ഇയാളുമായി സമ്പർക്കത്തിലായ 32 പേരെ നിരീക്ഷണത്തിലാക്കി. 

ചെന്നൈ റോയപുരത്ത് സ്ഥിതി സങ്കീർണമാണ്. ഇതുവരെ 145 പേർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ എട്ടു പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. റോയപുരത്തോട് അടുത്ത സ്ഥലങ്ങളിലും രോഗ വ്യാപന തോത് വർദ്ധിച്ചു. ഡോക്ടർമാർ ഉൾപ്പടെ അമ്പതോളം ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിലാണ്. കോയമ്പത്തൂർ, തിരുപ്പൂർ, തെങ്കാശി, തിരുനെൽവേലി ജില്ലകളിലും അതീവ ജാഗ്രത തുടരുകയാണ്. അതിനിടെ രോഗ ബാധിതർ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്നാണ് വിവരം.