ആശുപത്രികളിൽ ഉൾക്കൊള്ളാവുന്നതിനുമപ്പുറം രോഗികളാണ് കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നത്...
മുംബൈ: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ചില ആശുപത്രികളിൽ രോഗികൾക്ക് വേണ്ട കിടക്കകൾ നൽകാൻ പോലും സാധിക്കുന്നില്ല. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് ജില്ലാ ആശുപത്രിയിലെ കൊവിഡ് രോഗികളിൽ പലർക്കും ഓക്സിജൻ നൽകുന്നത് വീൽച്ചെയറുകളിൽ ഇരുത്തിയാണ്. രോഗികളുടെ എണ്ണത്തിനനുസരിച്ച് കിടക്കകൾ ഇല്ലാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണം.
ആശുപത്രികളിൽ ഉൾക്കൊള്ളാവുന്നതിനുമപ്പുറം രോഗികളാണ് കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നത്. വീൽച്ചെയറിലിരിക്കുന്ന രോഗികൾക്ക് തങ്ങളുടെ കഴിവിന്റെ പരമാവധി ചികിത്സ ഉറപ്പാക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരുടേതടക്കമുള്ള മൊബൈൽ വീഡിയോ കൂട്ടിരിപ്പുകാരിലൊരാൾ പകർത്തിയത് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ 681 പുതിയ കൊവിഡ് കേസുകളും ഏഴ് മരണങ്ങളുമാണ് നടന്നത്.
