ചെന്നൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ചെന്നൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ചെന്നൈയില്‍  138 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ രോഗബാധിതർ 906 ആയി. തമിഴ്‍നാട്ടില്‍ രോഗബാധിതർ 2323 ആയി.
അതിര്‍ത്തി ജില്ലകളില്‍ രോഗബാധിതര്‍ കുറയുമ്പോഴും ചെന്നൈയില്‍ ആശങ്ക ഇരട്ടിയാവുകയാണ്. മൂന്ന് ദിവസത്തിനിടെ രോഗലക്ഷ്ണം ഇല്ലാത്ത മൂന്നൂറിലധികം രോഗികള്‍. 

ഭൂരിഭാഗം പേര്‍ക്കും കൊവിഡ് പകര്‍ന്നത് എങ്ങനെയെന്ന് വ്യക്തതയില്ല. മൈലാപ്പൂർ, റോയ്പേട്ട തെരുവുകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു.  38 കച്ചവടക്കാര്‍ക്ക് രോഗം സ്ഥരീകരിച്ചതോടെ പ്രധാന കേന്ദ്രമായ കോയമ്പേട് മാര്‍ക്കറ്റ് അടച്ചു. ചെന്നൈയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ കുത്തനെ ഉയരുമ്പോഴും സാമൂഹിക അകലം പോലും പാലിക്കാതെ ആളുകള്‍ നിരത്തുകളില്‍ തടിച്ചുകൂടിയത് ആശങ്കയായി. നാല് ദിവസത്തെ സമ്പൂർണ ലോക്ക് ഡൗണിന് ശേഷം കടകൾ തുറന്നതോടെയാണ് ജനം കൂട്ടത്തോടെ തെരുവിലിറങ്ങിയത്.