ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 14255 ആയി. 2841 പേർക്ക് ഇതുവരെ രോഗം ഭേദമായി. മരണസംഖ്യ അഞ്ഞൂറ് കടന്നു. 559 പേർ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. തിങ്കളാഴ്ച 466 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4666 ആയി 19 പേർ മരണപ്പെട്ടതോടെ സംസ്ഥാനത്തെ മരണസംഖ്യ 232 ആയി. ഇതുവരെ 572 പേർ രോഗമുക്തരായിട്ടുണ്ട്. 
 
അതേസമയം രാജ്യത്ത് മുപ്പത് ദിവസത്തിന് മുകളില്‍ മാത്രം  കൊവിഡ് കേസുകള്‍ ഇരട്ടിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്ന് കേരളമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു .പതിനെട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപന തോത്കുറഞ്ഞതായും ആരോഗ്യമന്ത്രാലയം  പറയുന്നു. പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ്കേസുകളില് രോഗലക്ഷണമില്ലെന്നത് വെല്ലുവിളിയാണെന്ന്  ഐസിഎംആർ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നു. ആദ്യ നാളുകളില്‍  മൂന്ന് ദിവസത്തിനുള്ളില്‍  കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി  ഏഴര ദിവസമായിരിക്കുന്നു.  കേരളത്തില്‍ ഇത് 72 ദിവസമാണ്,ഒഡീഷയില്‍ 38 ഉം. 

അതായത് രണ്ട് സംസ്ഥാനങ്ങളിലും രോഗബാധ നന്നേ കുറവ്.  ദില്ലിയില്‍ 7.5 ദിവസങ്ങള്‍ക്കിടയിലും,തമിഴ്നാട്ടില്‍ പതിന്നാല് ദിവസത്തിനുമിടയിലേ രോഗബാധിതരുടെം എണ്ണം ഇരട്ടിയാകുവന്നൂള്ളൂവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഗോവ കൊവിഡ് മുക്തമായിക്കഴിഞ്ഞു. മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കേസില്ല.  കഴിഞ്ഞ പതിനാല് ദിവസമായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 54 ല്‍ നിന്ന് 59 ആയി.കൊവിഡിന് ലഭ്യമായ ഏക മരുന്ന് സാമൂഹിക അകലം പാലിക്കല്‍ മാത്രമാണെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

അതേ സമയം ലോക്ക് ഡോണ്‍ നിയന്ത്രണത്തിലെ  ഇളവുകളിലേക്ക് സംസ്ഥാനങ്ങള്‍ പോകുമ്പോള്‍ രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് വ്യാപിക്കുന്നത് കേന്ദ്രത്തിന് തലവേദനയാകുകയാണ്. അസമിലെ ആകെ രോഗബാധിതരില്‍ 80 ശതമാനത്തിനും,ഉത്തര്‍പ്രദേശിലെ എഴുപത്തിയഞ്ച് ശതമാനത്തിനും, മഹാരാഷ്ട്രയിലെ 65 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ കണ്ടിരുന്നില്ല.  ദില്ലിയിലെ രോഗബാധിതരില്‍ 8.5 ശതമാനം പേരുംകൊവിഡ് ലക്ഷണം കാണിച്ചില്ല.

20-നും 45-നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗലക്ഷണങ്ങളില്ലാതെ  കൊവിഡ്സ്ഥിരീകരിച്ചത്.പെട്ടെന്നുണ്ടാകുന്ന ശ്വാസം മുട്ടലോടെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയപരിശോധനയിലാണ് പല കേസുകളിലും
കോവിഡ് തെളിഞ്ഞത്.

അതിനിടെ രാജ്യത്തെ 170 ജില്ലകളെ കൊവിഡ് റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. തീവ്ര ബാധിത പ്രദേശങ്ങളും ക്ലസ്റ്ററുകളും ഉൾപ്പെടുന്നതാണ് റെഡ് സോൺ. തീവ്ര ബാധിതമല്ലത്ത ജില്ലകൾ 207 ആണ്. രോഗ വ്യാപനം ഇല്ലാത്ത ജില്ലകളെ ഗ്രീൻ സോണിലാണ് ഉൾപെടുത്തിയിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് തീവ്ര മേഖലകളിലെ സ്ഥിതി പരിശോധിക്കാൻ  കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആറ് സമിതികൾക്ക് രൂപം നൽകി. തീവ്രമേഖലകളിൽ നിയന്ത്രണങ്ങൾ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് നേരിട്ടെത്തി
പരിശോധിക്കാനാണ് സമിതി. സമ്പൂര്‍ണ ലോക് ഡൗണ്‍ മെയ് 3ന് ശേഷവും തുടരാനാണ് ചില സംസ്ഥാനങ്ങളുടെ തീരുമാനം.

ഇൻഡോര്‍, മുംബൈ, പൂനെ, പശ്ചിമബംഗാളിലെ ഏഴ് ജില്ലകൾ ഉൾപ്പടെയുള്ള  പ്രദേശങ്ങളിലെ സ്ഥിതി സങ്കീര്‍ണമാണ്. പശ്ചിമബംഗാളിലേക്ക് രണ്ട് സമിതികൾ പോകും. ലോക് ഡൗണ്‍ മാര്‍ഗ്ഗരേഖ കര്‍ശനമായി പരിശോധിക്കുന്നുണ്ടോ എന്ന്
പരിശോധിക്കും. ആരോഗ്യ വിദഗ്ദരുൾപ്പെടുന്ന സമിതി അംഗങ്ങൾ നൽകുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ഹോട്ട് സ്പോട്ടുകളിലെ അടുത്ത ഘട്ട  നടപടികൾ.  

നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാകില്ലെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും നിര്‍ദ്ദേശം നൽകിയതിന് പിന്നാലെയാണ് അതീവ തീവ്രമേഖലകൾക്കായി പ്രത്യേക സമിതിക്കും കേന്ദ്രം രൂപം നൽകിയത്. കൊവിഡ് അനിയന്ത്രിതമായി തുടരുമ്പോൾ നോണ്‍ ഹോട് സ്പോട്ട് മേഖലകളിലും നിയന്ത്രണങ്ങൾ തുടരുമെന്നാണ് നിരവധി സംസ്ഥാനങ്ങളുടെ ആവശ്യം. ദില്ലിയിലെ പതിനൊന്ന് ജില്ലകളും അടച്ചിട്ടിരിക്കുകയാണ്. 

ഒരേ സമയം ആയിരക്കണക്കിന് രോഗബാധിതര്‍ എത്തിയാൽ ഐ.സിയു.വിൽ പ്രവേശിപ്പിക്കാനോ, ഓക്സിജൻ സപ്പോര്‍ട്ട് നൽകാനോ സാധിച്ചേക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. അവശ്യസേവനങ്ങൾക്ക് പുറമെ  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ ജോലി സ്ഥലത്തേക്ക് പോകാൻ അനുവദിക്കും എന്ന ഇളവ് മാത്രമേ ദില്ലിയിൽ ഉണ്ടാക്കൂ. 

ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളും  ആശങ്കയിലാണ്. ഗുജറാത്തിൽ മൂന്നു ദിവസത്തിലൊരിക്കലാണ് കൊവിഡ് കേസുകൾ ഇരട്ടിക്കുന്നത്.  മെയ് 7 വരെ ലോക് ഡൗണ്‍ നീട്ടാൻ തെലങ്കാന ഇന്നലെ തീരുമാനിച്ചിരുന്നു.