ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് 11439 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1306 പേർക്ക് രോഗം ഭേദമായെങ്കിലും 377 പേർ മരിച്ചത് തിരിച്ചടിയായി.

രാജ്യത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നുവെന്നാണ് ഐസിഎംആർ റിപ്പോർട്ട്. പരിശോധനകളുടെ എണ്ണം കൂട്ടാൻ വീണ്ടും ശുപാർശ നൽകിയിട്ടുണ്ട്. ചൈനയിൽ നിന്ന് ദ്രുതപരിശോധന കിറ്റുകൾ എത്തിത്തുടങ്ങി. 15 ലക്ഷം ദ്രുതപരിശോധന കിറ്റുകൾ വാങ്ങാനാണ് ചൈനയുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്.

മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗൺ നീട്ടുന്നതിൻറെ ഭാഗമായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ഏപ്രിൽ ഇരുപതിന് ചില മേഖലകൾക്ക് ഇളവ് നൽകുന്നതടക്കമുള്ള നിർദ്ദേശങ്ങൾ നൽകി. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയും മന്ത്രിസഭ ചർച്ച ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയത്തിലും യോഗം നടക്കും.