ദില്ലി: കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോ​ഗം. പ്രതിരോധപ്രവർത്തനം സംബന്ധിച്ചും തുടർന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോ​ഗത്തിൽ ചർച്ച ചെയ്യും.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തോട് അടുക്കുകയാണ്. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,916 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷം കടന്നു. 13,36,86l പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 757 പേർകൂടി മരിച്ചതോടെ മരണസംഖ്യ 31,358 ആയി. അതേ സമയം രാജ്യത്തെ രോഗമുക്തി നിരക്ക് 63.53 ശതമാനമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  

മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമാണ് രോഗവ്യാപനം വലിയതോതിൽ ആശങ്കപ്പെടുത്തുന്നത്. മഹാരാഷ്ട്രയിൽ ഒമ്പതിനായിരത്തിനും ആന്ധ്രപ്രദേശിൽ എണ്ണായിരത്തിനും മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്തെത്തി. അമ്പതിനായിരത്തിലേറെ രോഗികളാണ് കർണ്ണാടകത്തിൽ നിലവിൽ ചികിത്സയിലുള്ളത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗബാധ കുറയുന്നുണ്ടെങ്കിലും ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം, എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ രണ്ടായിരത്തിന് മുകളിലാണ്. ഈ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ കേന്ദ്രസംഘത്തെ അയച്ചേക്കും.