ദില്ലി: രാജ്യത്ത് ഇന്നും രണ്ടുലക്ഷത്തിലധികം കൊവിഡ് രോഗികൾ. 2,34,692 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥീ​രി​ക​രി​ച്ചത്. 24 മണിക്കൂറിനിടെ 1,341 പേര്‍ രോഗം ബാധിച്ച് മരിച്ചു. 16,79,740 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ബീഹാറിലും  ചത്തീസ്ഗഡിലും ഇന്ന് സർവ്വകക്ഷി യോഗം ചേരും. യുപിയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകളും, മെഡിക്കൽ സാമാഗ്രികളും വാങ്ങാൻ ടെൻഡർ ഒഴിവാക്കി.  ദില്ലിയിലും ഗുജറാത്തിലും ഉന്നതതല യോഗം ചേരും. 

കൊവിഡ് സാഹചര്യം കണക്കിലെടുത്ത്  ദില്ലിയിൽ വാരാന്ത്യ കർഫ്യൂ തുടങ്ങി. ഞാറാഴ്ച്ച അർധരാത്രി വരെയാണ് കർഫ്യൂ. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുവാദം. കർഫ്യൂവിന്‍റെ ഭാഗമായി കടുത്ത നിയന്ത്രങ്ങളാണ് ദില്ലിയിൽ നടപ്പാക്കിയിരിക്കുന്നത്. കർഫ്യൂ പാസ് ഉള്ളവർക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുവാദം. വിവാഹം പോലുള്ള ചടങ്ങുകൾക്ക് പാസ് എടുക്കണം. 

സിനിമാഹാളിൽ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ ഭക്ഷണ വിതരണം അനുവദിച്ചിട്ടുണ്ട്. മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിട്ടിരിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധനകൾ തുടരുകയാണ്.