ദില്ലി: കൊവിഡ് രണ്ടാമതും വരാമെന്ന് ദില്ലി കേന്ദ്രീകരിച്ചു നടത്തിയ പഠനത്തില്‍ കണ്ടെത്തി. നൂറു ദിവസത്തെ ഇടവേളയിലാണ് നോയിഡയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗ ബാധ വീണ്ടും കണ്ടെത്തിയത്. രാജ്യത്തെ അറുപത് ജില്ലകളില്‍ ആശങ്കാ ജനകമായ സാഹചര്യമെന്ന് സംസ്ഥാനങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കരുതല്‍ വേണമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റഡ് ബയോളജിയുടെ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ദില്ലി നോയിഡയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെവ്വേറെ ജനിതക ശ്രേണിയില്‍ പെട്ട രോഗാണുവാണ് സ്ഥിരീകരിച്ചത്. ഹോങ്കോങ്, അമേരിക്ക, ബല്‍ജിയം എന്നിടങ്ങളില്‍ മാത്രമാരുന്നു ഈ അപൂര്‍വ സാഹചര്യം മുമ്പ് റിപ്പോര്‍ട്ട് ചെയ്തത്. അവിടെ രണ്ട് മാസത്തെ ഇടവേളയിലാണ് രോഗം വന്നതെങ്കില്‍ ഇന്ത്യയില്‍ അതിന് നൂറു ദിവസമെടുത്തെന്നും മലയാളിയായ ഡോ. വിനോദ് സ്കറിയ ഉള്‍പ്പെട്ട പഠന സംഘം കണ്ടെത്തി. 

അതിനിടെ രോഗ വ്യാപനം കൂടുതലുള്ള രാജ്യത്തെ അറുപത് ജില്ലകളിലെയും ജനങ്ങളോടുമായി വെര്‍ച്വല്‍ കോണ്‍ഫ്രൻസിലൂടെ സംവദിക്കണമെന്ന് ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളില്‍ ചിലര്‍ക്ക് രോഗ വ്യാപനത്തിന്‍റെ ഗൗരവം മനസ്സിലായിട്ടില്ല. മാസ്ക്, സാമൂഹിക അകലം, ശുചിത്വം,നീരീക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരണം നടത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചു. 

ഓക്സിജന്‍ വിതരണം, അണ്‍ലോക്ക് അഞ്ചിലെ ഇളവുകളെന്നിവയും ചർച്ചയായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്ര സഹായം മുടക്കമില്ലാതെ ലഭ്യമാക്കണമെന്ന് മഹാരാഷ്ട്ര ആവശ്യപ്പെട്ടു. അതിനിടെ മൂക്കിലൂടെ നല്‍കുന്ന വാക്സിന്‍ സഹകരണത്തിന് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനുമായി ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് കരാറായി. പത്തു ലക്ഷം ഡോസ് വാക്സിന്‍ നിര്‍മ്മിക്കുന്നതിനാണ് കരാര്‍. ഐസിഎംആര്‍ സഹകരണത്തോടെ രാജ്യത്ത് കോവാക്സിന്‍ പരീക്ഷണം തുടരുന്നതിനിടെയാണ് നേസല്‍ വാക്സിന്‍ നിര്‍മ്മിക്കുന്നതിനുള്ള ഭാരത് ബയോടെക്കിന്‍റെ പുതിയ കരാര്‍.