ദില്ലി: കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് ദില്ലി സർക്കാർ. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ 2000 രൂപ ആയി ഉയർത്തി. ക്വാറൻ്റെെൻ , സാമൂഹിക അകലം , തുടങ്ങിയ കൊവിഡ്‍ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കുള്ള പിഴയാണ് ഉയർത്തിയത്. മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ ഇന്നലെ ഉയർത്തിയിരുന്നു.

അതേസമയം, ദില്ലിയില്‍  തിരക്കുള്ള വ്യാപാരകേന്ദ്രങ്ങള്‍ അടയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാപാരികളുടെ യോഗത്തിന് ശേഷം വ്യക്തമാക്കി. രണ്ടുമാസത്തിനുള്ളില്‍ വാക്സിന്‍ വിതരണം തുടങ്ങുമെന്ന് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ദില്ലിയില്‍  കൊവിഡിന്‍റെ മൂന്നാം വരവ് വലിയ പ്രഹരമേല്‍പ്പിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ്  മാര്‍ക്കറ്റുകളിലെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശുപാര്‍ശ കെജ്രിവാള്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ വച്ചത്.  കണ്ടൈന്‍മെന്‍റ് സോണിലെങ്കിലും ഇളവുകള്‍ റദ്ദാക്കി മാര്‍ക്കറ്റുകളടയ്ക്കാനായിരുന്നു നീക്കം. അനുനയ നീക്കത്തിന് വ്യാപാരികളെ കണ്ടെങ്കിലും ഫലമുണ്ടായില്ല. വ്യാപാരികളുടെ ആശങ്ക പരിഹരിച്ചെന്ന് പിന്നീട് കെജ്രിവാള്‍ പ്രതികരിച്ചു. മാര്‍ക്കറ്റുകളടയ്ക്കാന്‍ സര്‍ക്കാര്‍  ഉദ്ദേശിക്കുന്നില്ല.  വ്യാപാര കേന്ദ്രങ്ങളിലെത്തുന്നവര്‍
മാസ്ക് ധരിക്കുന്നതുള്‍പ്പടെയുള്ള കൊവിഡ് മുന്‍കരുതലുകള്‍  വ്യാപാരികള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു