Asianet News MalayalamAsianet News Malayalam

Covid 19 : രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു; അവലോകന യോഗം വിളിച്ച് മോദി, മുഖ്യമന്ത്രിമാർ പങ്കെടുക്കും

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ യോഗത്തിൽ കൊവിഡ് വർദ്ധനവ് സംബന്ധിച്ച അവതരണം നടത്തും.

covid review meeting chaired by pm modi today
Author
Delhi, First Published Apr 27, 2022, 3:18 AM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Narendra Modi) അധ്യക്ഷതയിലുള്ള കൊവിഡ് (Covid 19) അവലോകന യോഗം ഇന്ന് നടക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ യോഗത്തിൽ കൊവിഡ് വർദ്ധനവ് സംബന്ധിച്ച അവതരണം നടത്തും.

നിരവധി ഉത്സവങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളും യോഗത്തിൽ ചർച്ച ചെയ്യും. കേസുകൾ കൂടുന്നതിനെ തുടർന്ന് ദില്ലി, ഉത്തർപ്രദേശ് ഹരിയാന ഉൾപ്പെടെയുള്ള  പല സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിട്ടുണ്ട്. നിലവിൽ പതിനയ്യായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഏപ്രിൽ മാസത്തിൽ മാത്രം കേരളത്തിൽ 7039 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ കയറ്റുന്നതിനാൽ മരണക്കണക്കിലും കേരളം മുന്നിൽ തുടരുകയാണ്. പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകൾ കേരളത്തിലുണ്ട്.

ഏപ്രിൽ 19 തിന് 355 കേസുകളുണ്ടായി. ഏപ്രിലിൽ മാത്രം ആകെ 7039 കേസുകളുണ്ടായി. പഴയവ ഉൾപ്പടെ 898 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതും കഴിഞ്ഞ 24 ദിവസത്തിനുള്ളിലാണുണ്ടായത്. മിക്കതും പഴയ മരണങ്ങൾ പട്ടികയിൽ ചേർത്തതാണ്. മുൻദിവസങ്ങളിലേത് എന്ന വിഭാഗത്തിൽ ചേർക്കുന്നത് കണക്കാക്കിയാൽ പ്രതിദിന കൊവിഡ് മരണം പൂർണമായി ഇല്ലാതായിട്ടില്ലെന്ന് വിശകലനം ചെയ്യുന്നവർ പറയുന്നു. പഴയ മരണം പട്ടികയിൽ ചേർക്കുന്നതിനാൽ രാജ്യത്ത് തന്നെ ഒന്നാമതാണ് ഇക്കാര്യത്തിൽ കേരളം.

ദില്ലിയെ അപേക്ഷിച്ച് കേരളത്തിൽ പ്രതിദിന കേസുകളിൽ പ്രകടമായ വളർച്ചയില്ല എന്നത് ആശ്വാസമാണ്. പക്ഷെ കേസുകൾ ഒരേ നിലയിൽ ആഴ്ച്ചകളായി തുടരുകയാണ്. അതേസമയം കൊച്ചിൽ കേസുകൾ നേരിയ തോതിൽ ഉയരുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വാക്സിനേഷൻ പഴയ പടിയാക്കാൻ പ്രത്യേകം ശ്രദ്ധയൂന്നുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios