ദില്ലി: കൊവിഡ് രോഗ വ്യാപനം രൂക്ഷമായ ദില്ലിയില്‍  മരണ സംഖ്യയും ഉയര്‍ന്നതോടെ സ്ഥിതി വിലയിരുത്താന്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രതിദിന വര്‍ധന എഴായിരം കടന്നതിന് പിന്നാലെ 131 പേരാണ് ഇന്നലെ മാത്രം ദില്ലിയില്‍ മരിച്ചത്.

കഴിഞ്ഞ 12ന് 104 പേര്‍ മരിച്ചതായിരുന്നു ഇതുവരെ ദില്ലിയിലെ ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്. ഇന്നലെ അതും കടന്ന് 131 പേരുടെ ജീവനെടുത്തു മഹാമാരി. ദില്ലിയില്‍ ആകെയുള്ള അഞ്ചു ലക്ഷം രോഗികളില്‍ ഒരു ലക്ഷവും കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ രോഗബാധിതരായവരാണ്. പ്രതിരോധ നടപടികളില്‍ കെജ്രിവാള്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ബിജെപി വിമര്‍ശനമുയർത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സര്‍വ്വ കക്ഷി യോഗം വിളിച്ചത്.

ആള്‍ത്തിരക്കുള്ള പ്രധാന മാര്‍ക്കറ്റുകളടയ്ക്കാന്‍ ആലോചിച്ചെങ്കിലും തീരുമാനം നടപ്പായില്ല. ഉത്തര്‍പ്രദേശ്, ഹരിയാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് രോഗികള്‍ ദില്ലിയില്‍ ചികിത്സ തേടിയെത്തുന്നതും ആശുപത്രികളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. 92 ശതമാനം  വെന്‍റിലേറ്റര്‍ സൗകര്യമുള്ള ഐസിയു കിടക്കകളും 87 ശതമാനം ഐസിയു കിടക്കകളും നിറഞ്ഞിരിക്കുന്നു. കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കെജ്രിവാള്‍ യോഗത്തില്‍ വിശദീകരിക്കും. 

ദില്ലിയില്‍ നിന്നുള്ളവര്‍ക്ക് ആശുപത്രികളില്‍ മുന്‍ഗണ നല്‍കുന്നത് യോഗത്തിന്‍റെ പരിഗണനയ്ക്കെത്തും. മാര്‍ക്കറ്റുകളടയ്ക്കുന്ന കാര്യത്തില്‍
മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ദില്ലി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.