ദില്ലി:  രാജ്യത്ത് കൊവിഡ് സര്‍വ്വേയെന്ന് കേന്ദ്ര ആരോഗ്യമന്ത്രലായം. ഇതിനായി വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. സർവ്വേ നടപടി ക്രമങ്ങൾ ഉടൻ തുടങ്ങുമെന്നും ഓരോ ജില്ലയിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്  27.4 ശതമാനമാണ്. 24 മണിക്കൂറിനിടെ 1020 പേർ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത് ഇപ്പോള്‍ 12 ദിവസം കൂടുമ്പോൾ. തൊഴിലിടങ്ങൾ നിർബന്ധമായും അണുവിമുക്തമാക്കണമെന്നും കേന്ദ്രം അറിയിച്ചു. അതേസമയം വിദേശ രാജ്യങ്ങളിൽ നിന്ന് ഒഴിപ്പിക്കേണ്ടവരുടെ പട്ടിക എംബസികൾ തയ്യാറാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  രോഗമില്ലാത്തവരെ മാത്രമേ തിരികെ കൊണ്ടുവരു. ഘട്ടം ഘട്ടമായി ആയിരിക്കും ഇവരുടെ മടക്കം. 

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1500 കടന്നു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കും രോഗബാധയുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. രോഗം പടരുന്നതിന്‍റെ തോത് കുറയുന്നു എന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും മരണസംഖ്യയും രോഗികളുടെ എണ്ണവും ഉയരുക തന്നെയാണ്. മഹാരാഷ്ട്രയും ഗുജറാത്തും ദില്ലിയും തമിഴ്നാടും പശ്ചിമ ബംഗാളുമാണ് നിലവിൽ കൂടുതൽ രോഗവ്യാപനം കാണിക്കുന്ന സംസ്ഥാനങ്ങൾ.  ഗുജറാത്തിൽ 376 പേർക്കും പശ്ചിമബംഗാളില്‍ 296 പേർക്കും 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്തെ 57 ശതമാനം കൊവിഡ് മരണങ്ങളും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ മാത്രമാണ്. രോഗം ഭേദമായവരുടെ എണ്ണം. 12,727 ആയി ഉയർന്നത്
മാത്രമാണ്  സർക്കാരിന് ആശ്വാസം. രോഗവ്യാപനത്തിന്‍റെ തോത് പിടിച്ച് നിര്‍ത്താനാവുന്നുണ്ടെന്ന് ദില്ലി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.
എന്നാൽ രോഗികളുടെ എണ്ണം ഉയർന്നു കൊണ്ടേയിരിക്കുന്നത് ആശങ്കാജനകമാണ്. മദ്യകടകൾ ഉൾപ്പടെ തുറന്ന ഇളവുകൾ നല്‍കിയ സാഹചചര്യത്തിൽ സംഖ്യ താഴോട്ടു
വരുന്ന സാഹചര്യം തല്ക്കാലം വിദഗ്ധർ കാണുന്നില്ല.