ദില്ലി: ദില്ലിയിലെ രോഹിണി ജയിലിലെ 15 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച തടവുകാരനുമായി മുറി പങ്കിട്ട 15 തടവുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദില്ലിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 438 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 9333 ആയി. ആറുപേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 129 ആയി ഉയര്‍ന്നു. ഇതുവരെ രോഗം മാറിയത് 3926 പേര്‍ക്കാണ്. 

അതേസമയം ദില്ലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുളള ട്രെയിനിന് കേരളം എൻഒസി നൽകി. ടിക്കറ്റ് നിരക്ക് യാത്രക്കാർ വഹിക്കണം. യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് കേരളം ദില്ലി സർക്കാരിനോട് ആവശ്യപ്പെട്ടു. ദില്ലിയിലെ മലയാളി വിദ്യാർത്ഥികൾ ആശങ്കയിലാണെന്നും അവരെ തിരികെ കൊണ്ടുവരാൻ  വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയിൽവെ ട്രെയിൻ സർവീസ് ആരംഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. മറ്റ് യാത്രക്കാർക്കൊപ്പം ഐആർസിടിസി ഓൺലൈൻ ടിക്കറ്റ്, എസി ട്രെയിൻ ഫെയർ എന്നിവ വിദ്യാർത്ഥികൾക്കു ലഭിക്കാൻ തടസമായിരുന്നു. തുടർന്നാണ് നോൺ  എസി വണ്ടിയിൽ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ മാർഗ്ഗം തേടിയത്. 

ദില്ലിയിലെ ഹെൽപ്പ് ഡസ്ക് വഴിയാണ് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള കാര്യങ്ങൾ ഏകോപിപിക്കുന്നത്. ഇതിനു വേണ്ടി സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യും. ദില്ലിയിൽ നിന്നടക്കം പ്രത്യേകം ട്രെയിൻ അനുവദിക്കുന്നതു സംബന്ധിച്ച വിശദാംശങ്ങൾ റെയിൽവെയിൽ നിന്ന് ഉടൻ ലഭിക്കും. രണ്ട് ദിവസത്തിനുള്ളിിൽ പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.