തിരുവനന്തപുരം: രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 28 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 69,652 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 

ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 28,36,925 ആയി ഉയർന്നു. കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിദിന വർധനയാണിത്. 

24 മണിക്കൂറിൽ 977 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണങ്ങൾ 53,866 ആയി. നിലവിൽ ചികിത്സയിലുള്ളത് 6,86,395 പേരാണ്. 20, 96, 664 പേർ ഇതുവരെ രോഗമുക്തി നേടി. ഇതോടെ ദേശീയതലത്തിലുള്ള കൊവിഡ് രോഗമുക്തി നിരക്ക് 73.91 ശതമാനമായി ഉയർന്നു. 

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യവ്യാപകമായി 9 ലക്ഷം കൊവിഡ് ടെസ്റ്റുകൾ നടത്തിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. എട്ട് ശതമാനത്തിൽ താഴെയാണ് നിലവിലെ പൊസിറ്റിവിറ്റി റേറ്റ്.