ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിൻ എന്നെത്തുമെന്ന് ഇന്നറിയാം. വിദഗ്ത സമിതി യോഗം ഇന്ന് ചേരും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 60 നയതന്ത്ര പ്രതിനിധികൾ ഇന്ന് കൊവിഡ് വാക്സിൻ നിർമ്മിക്കുന്ന ഭാരത് ബയോടെക് സന്ദർശിക്കും. നേരത്തെ 100 പ്രതിനിധികൾ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ സന്ദർശനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പുണെയിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. വാക്സിൻ സംബന്ധിച്ച് ശാസ്ത്രജ്ഞരുമായി ഇന്ന് നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തും.

ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് രാജ്യത്ത് നടക്കുന്നത്. ഫൈസറിനും സെറം ഇന്സ്റ്റിറ്റ്യൂട്ട്നും ശേഷം ഭാരത ബയോടെക്കും കൊവിഡ് വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി തേടിയിരുന്നു.അതേ സമയം അസ്ട്ര സെനേക്കയുമായി ചേർന്ന് നിർമ്മിക്കുന്ന കോവിഡ് വാക്സിൻ എഴുപതു ശതമാനം ഫലപ്രദമാണെന്ന ഗവേഷണ ഫലം ഓക്സ്ഫഡ് സർവകലാശാല പ്രസിദ്ധീകരിച്ചു. ഇന്ത്യ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ വാക്സിൻ അധികം വൈകാതെ ജനങ്ങളിൽ ഉപയോഗിച്ച് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.