ജനീവ: കൊവിഡിനെതിരായ വാക്സിൻ വർഷാവസാനത്തോടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോ​ഗ്യ സംഘടന മേധാവി. രണ്ട് ദിവസ‍ം നീണ്ടുനിന്ന എക്സിക്യൂട്ടീവ് ബോർഡ് അവലോകന യോ​ഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ലോകാരോ​ഗ്യ സംഘടന ഡയറക്ടർ  ജനറൽ ടെഡ്രോസ് അഥാനോം ​ഗബ്രിയേസസ് ഇപ്രകാരം പറഞ്ഞത്. 'നമുക്ക് വാക്സിൻ അത്യാവശ്യമാണ്. ഈ വർഷം അവസാനത്തോടെ വാക്സിൽ കണ്ടെത്താൻ സാധ്യതയുണ്ട്. പ്രതീക്ഷയുണ്ട്.' അ​ദ്ദേഹം പറഞ്ഞു. 

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് വാക്സിൻ ഫെസിലിറ്റി പ്രകാരം ഒമ്പത് വാക്സിനുകളുടെ പരീക്ഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 200 കോടി വാക്സിൻ ഡോസുകൾ 2021 അവസാനത്തോടെ ലോകം മുഴുവനും എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വാക്സിൻ എത്തിക്കഴിയുന്പോള്‍ ലോകത്തെ എല്ലാവരിലേക്കും അതെത്താൻ ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. യു.എസ് കമ്പനി ഫൈസറും ജർമൻ ഫാർമസ്യൂട്ടിക്കലായ ബയോൺടെകും സംയുക്തമായി വികസിപ്പിക്കുന്ന വാക്സിൻ, ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിൻ, മോഡേണ, ഓക്സ്ഫഡ് - ആസ്ട്രാസെനക, ചൈനയുടെ സിനോഫാം തുടങ്ങിയ കൊവിഡ് വാക്സിനുകളുടെ പരീക്ഷണങ്ങൾ അവസാനഘട്ടത്തിലാണ്.