ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ്  രോഗ ബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ 3970 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 103 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 2752 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് നാലാംഘട്ട ലോക്ഡൗണിന്‍റെ ഭാഗമായുള്ള പുതുക്കിയ മാര്‍ഗരേഖ ഇന്നോ നാളെയോ പ്രഖ്യാപിക്കും. രാജ്യത്ത് കൂടുതൽ ഇളവുകൾ നാലാം ഘട്ടത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ബസ്, വിമാന സര്‍വീസുകൾക്ക് അനുമതി നൽകിയേക്കും. തീവ്രമേഖലകൾ തീരുമാനിക്കാനുളള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുമെന്ന സൂചനയും ഉണ്ട്. ഓൺലൈൻ വ്യാപാരങ്ങൾക്കും അനുമതി നൽകുമെന്നാണ് സൂചന. എല്ലാ മേഖലകളും തുറക്കണമെന്നാണ് ദില്ലി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങൾ ലോക്ഡൗണ്‍ ഈമാസം അവസാനം വരെ നീട്ടണമെന്ന നിലപാടിലാണ്.

മുബൈയിൽ രോഗികളുടെ എണ്ണം 17,000 കടന്നതോടെ കൂടുതൽ ക്വാറന്‍റീൻ സൗകര്യം ഒരുക്കുകയാണ് മുംബൈ കോർപ്പറേഷൻ. മുംബൈ വാങ്കടെ ക്രിക്കറ്റ് സ്റ്റേഡിയം ക്വാറന്‍റീൻ സെന്‍ററാക്കും. സ്റ്റേഡിയത്തിന്‍റെ നിയന്ത്രണം ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് കോർപ്പറേഷൻ നോട്ടീസ് നൽകി. അവശ്യ സേവനങ്ങൾക്കായി ജോലിക്ക് പോവേണ്ടവർക്ക് വേണ്ടി സബർബൻ ട്രെയിനുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.

അതിനിടെ മുംബൈയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമിയാണ് ഗൊരേഗാവിൽ മരിച്ചത്. രോഗ ലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് രണ്ട് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് എങ്ങനെ രോഗബാധയുണ്ടായെന്ന് വ്യക്തമല്ല.ലോക്ഡൗം തുടങ്ങിയതിന് ശേഷം വീട്ടിൽ നിന്ന് പുറത്ത് പോയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.നഗരത്തിൽ ഡ്രൈവറാണ് അംബിസ്വാമി.