ദില്ലി: കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ജപ്പാൻ തീരത്തെ ഡയമണ്ട് പ്രിന്‍സസ് എന്ന ‍‍‍‍‍ആഡംബര കപ്പലിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. 119 പേരെയാണ് എയര്‍ഇന്ത്യ വിമാനത്തില്‍ തിരികെ എത്തിച്ചത്. കൊറോണ വൈറസ് പകരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തിലായിരുന്നു ഇവർ. ഇവര്‍ക്കൊപ്പം 5 വിദേശികളുമുണ്ടെന്നാണ് വിവരം. തിരിച്ചെത്തിയവർ 14 ദിവസം ദില്ലിയിലെ സേന ക്യാംപിൽ തങ്ങും. ഇവര്‍ക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കൊറോണ സ്ഥിരീകരിച്ച 16 ഇന്ത്യക്കാർ ജപ്പാൻ തീരത്ത് ചികിത്സയിൽ തുടരുന്നുണ്ട്.

അതോടൊപ്പം  ചൈനയിൽ കുടുങ്ങിക്കിടന്ന 76 ഇന്ത്യക്കാരെയും ദില്ലിയിൽ എത്തിച്ചു. ഒരു യുഎസ് പൗരൻ ഉൾപ്പടെ 36 വിദേശികളെയും വ്യോമസേന വിമാനത്തിലാണ് ദില്ലിയിലേക്ക് എത്തിച്ചത്. 

അതിനിടെ കൊറോണ ഭീതി ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു. ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഉംറ തീർത്ഥാടനം താത്കാലികമായി നിര്‍ത്തിവെച്ചതായി സൗദി വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്. ഇതിനെതുടര്‍ന്ന് ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഗള്‍ഫിലാകെ ഇതുവരെ 211 പേര്‍ക്ക് കൊറോണ ബാധയേറ്റതായാണ് വിവരം.