ഭോപ്പാൽ: പശുക്കളുടെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്താനുള്ള ധനസമാഹരണത്തിനായി 'ഗോ സെസ്സ്' ഏര്‍പ്പെടുത്തിയേക്കുമെന്ന് മധ്യപ്രദേശിലെ 'ഗോ മന്ത്രിസഭ'. ഞായറാഴ്ച നടന്ന ആദ്യ സമ്മേളനത്തിന് പിന്നാലെയാണ് പ്രഖ്യാപനം.  സംസ്ഥാനത്ത് രണ്ടായിരം ഗോ ശാലകള്‍ ആരംഭിക്കുമെന്നും ഇവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ ആവശ്യമെങ്കില്‍ ഗോ നികുതി ഈടാക്കിയേക്കുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 

'ഗോ മന്ത്രിസഭ'യുടെ ആദ്യ സമ്മേളനത്തിന് പിന്നാലെയാണ് പ്രഖ്യാപനം. സാധാരണക്കാരില്‍ അധികഭാരം വരാത്ത രീതിയിലാവും ഈ നികുതി എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്​സിങ് ചൗഹാൻ പറയുന്നു. വീട്ടിലുണ്ടാക്കുന്ന ആദ്യ ഭക്ഷണം പശുവിനും അവസാന ഭക്ഷണം നായയ്ക്കും നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് അങ്ങനെ നടക്കുന്നില്ല. ആളുകള്‍ പശുക്കളുടെ സംരക്ഷണത്തിനായി സംഭാവന ചെയ്യാം, എന്നാല്‍ അധികഭാരം ചുമത്തിയാവില്ല ഈ സംഭാവനയെന്നും ശിവരാജ്​സിങ് ചൗഹാൻ പറഞ്ഞു. 

സര്‍ക്കാരിന്‍റെ സംരക്ഷണയില്‍ രണ്ടായിരം ഗോ ശാലകള്‍ തുറക്കുമെന്നും ഗോപാഷ്ടമി ദിവസം അഗര്‍ മാല്‍വ ജില്ലയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞു. ആത്മനിര്‍ഭര്‍ മധ്യപ്രദേശിന്‍റെ പ്രധാനപ്പെട്ട വിഷയമാണ് പശുക്കളുടെ സംരക്ഷണം. പശുക്കള്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കും. പോഷകാഹാരക്കുറവ് പാലിലൂടെ പരിഹരിക്കാനാവും. കൃഷിയുടെ ജീവനാഡിയാണ് ചാണകം. ചാണകം ഉപയോഗിക്കുന്നതിലൂടെ രാസവള ഉപയോഗം കുറയ്ക്കാം. വിറകിന് പകരമായി ചാണകം ഉപയോഗിക്കാം. 

മൃതദേഹ സംസ്കാരത്തിന് വിറകിന് പകരം ചാണകം ഉപയോഗിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തോടൊപ്പം നമ്മുടെ കാടുകളെ സംരക്ഷിക്കുമെന്നും ശിവരാജ്​സിങ് ചൗഹാൻ പറയുന്നു. നേരത്തെ പ്രത്യേക ഉത്തരവിലൂടെയാണ് 'ഗോ മന്ത്രിസഭ'  എന്ന മിനി മന്ത്രിസഭ രൂപീകരിച്ചത്. ആഭ്യന്തരം, മൃഗസംരക്ഷണം, വനം, പഞ്ചായത്ത്​-ഗ്രാമീണ വികസനം, കർഷക ക്ഷേമ വകുപ്പ് മന്ത്രിമാരെ ഉള്‍പ്പെടുത്തിയായിരുന്നു ഇത്.