ചണ്ഡി​ഗഡ്: ബിജെപി നേതാവിന്റെ വീടിന് മുന്നിൽ ഒരു ട്രാക്ടർ നിറയെ ചാണകം തള്ളി പ്രതിഷേധക്കാർ.  കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന സംഘമാണ് ചാണകം വീടിന്റെ ​ഗേറ്റിന് മുന്നിൽ തള്ളിയത്. അതേസമയം പ്രതിഷേധത്തിന്റെ പേരിൽ മറ്റുള്ളവരെ അപമാനിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് പറഞ്ഞു. ‌

പഞ്ചാബ് മുൻ മന്ത്രിയും ബിജെപി നേതാവുമായ ടിക്ഷാൻ സൂദിന്റെ ഹോഷിയാർപൂരിലെ വീട്ടിന് മുന്നിലാണ് ചാണകം തള്ളിയത്. ചാണകം തള്ളുമ്പോൾ ചിലർ കേന്ദ്രസർക്കാരിനെതിരായി മുദ്രാവാക്യം മുഴക്കിയിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സൂദ് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അതേസമയം കൊടുംതണുപ്പിൽ ദില്ലിയിൽ കര്‍ഷകർ നടത്തുന്ന പ്രക്ഷോഭം ഇന്ന് മുപ്പത്തിയെട്ട് ദിവസത്തിൽ എത്തുകയാണ്. നാലാം തിയതിയാണ് കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച. കര്‍ഷക സംഘടനകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്‍റെ കാര്യത്തിലുമാണ് തിങ്കളാഴ്ച ചര്‍ച്ച നടക്കുക. 

നിയമങ്ങൾ പിൻവലിക്കുകയാണെങ്കിൽ ബദൽ മാര്‍ഗ്ഗമെന്ത് എന്ന് വിശദീകരിക്കാൻ  കര്‍ഷക സംഘടനകളോട് സര്‍ക്കാര്‍ ചോദിച്ചിരുന്നു. നിയമങ്ങൾ പിൻവലിച്ച ശേഷം അക്കാര്യം പരിശോധിക്കാമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്. തണുപ്പുമൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയിൽ ഇന്നലെ ഒരു കര്‍ഷകൻ കൂടി മരിച്ചു.