''പഠിക്കാന്‍ പണമുണ്ടായിട്ടല്ല, പ്രവേശന പരീക്ഷ കഠിനമാണെന്ന് അറിഞ്ഞപ്പോള്‍ എഴുതണമെന്ന് നിശ്ചയിച്ചു'' - ഇതായിരുന്നു നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ തേനിയിലെ ജീവിത്ത് കുമാറിന്റെ വാക്കുകള്‍... തേനിയില്‍ കാലി വളര്‍ത്തിയും തൊഴിലുറപ്പ് പദ്ധതി വഴിയും ഉപജീവനം കണ്ടെത്തുന്ന അച്ഛന്റെ മകനാണ് ജീവിത്ത്. 

നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ മുമ്പിലുണ്ട് ജീവിത്തിന്റെ പേര്. പെരിയാകുളം, സില്‍വാര്‍പ്പട്ടിയിലെ സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കന്‍. നീറ്റിന്റെ രണ്ടാം അങ്കത്തില്‍ 720 ല്‍ 664 മാര്‍ക്കോടെയാണ് ജീവിത്ത് മെഡിക്കല്‍ പഠനത്തിന് അര്‍ഹത നേടിയത്. എന്നാല്‍ മെഡിക്കല്‍ പ്രവേശനം, സര്‍ക്കാര്‍ കോളേജില്‍ പോലും സാമ്പത്തികമായി അസാധ്യമാണ് തന്റൈ കുടുംബത്തിനെന്ന് ജീവിത്ത് പറഞ്ഞു.

'' ഡോക്ടര്‍ ആകുക എന്നത് എന്റെ ലക്ഷ്യമായിരുന്നില്ല, ഈ പരീക്ഷ നേടാന്‍ വളരെ പ്രയാസമാണ് എന്നതുകൊണ്ടാണ് ഞാന്‍ ശ്രമിച്ചത്. ഇപ്പോള്‍ എനിക്ക് എംബിബിഎസ് എടുക്കണമെന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ കോളേജിലെ ഫീസ് കൊടുക്കാന്‍ പോലും എന്റെ കുടുംബത്തിന് ആകില്ല. എന്റെ പഠനത്തിന് സഹായിക്കണമെന്നാണ് ആളുകളോട് എനിക്ക് ആവശ്യപ്പെടാനുള്ളത്'' -  ജീവിത്ത് എന്‍ഡിടിവിയോട് പറഞ്ഞു. 

കോച്ചിംഗ് സെന്ററില്‍ ചേരാന്‍ സഹായിച്ചതിനും തന്നെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനും ജീവിത്ത് തന്റെ അധ്യാപകര്‍ക്ക് നന്ദി പറഞ്ഞു. പരീക്ഷ എത്ര കഠിനമാണെന്ന് അറിയാനായിരുന്നു ആദ്യതവണ ഞാന്‍ പരീക്ഷ എഴുതിയത്. വീണ്ടും എഴുതാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ അധ്യാപകര്‍ എന്നെ കോച്ചിംഗ് സെന്ററില്‍ ചേരാന്‍ സഹായിച്ചു. ഇത്തവണ എനിക്ക് 664 മാര്‍ക്ക് നേടാന്‍ സാധിച്ചു. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാജ്യത്ത് ഒന്നാമനാകാനായി'' ജീവിത്ത് തന്റെ വിജയത്തെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞു.