Asianet News MalayalamAsianet News Malayalam

ബംഗളൂരുവിലെ റോഡുകളിൽ ഗതാഗതം ‘നിയന്ത്രിച്ച്’പശുക്കള്‍

അവിചാരിതമായി പശുക്കള്‍ വന്നുപെടുമ്പോൾ പെട്ടെന്ന് വാഹനം നിർത്തേണ്ടിവരുകയും അതുമൂലം ഗതാഗത തടസ്സം നേരിടേണ്ടി വരുകയും ചെയ്യുന്നുവെന്ന പരാതികൾ വ്യാപകമാണ്

cows make trouble in bengaluru traffic
Author
Bengaluru, First Published Dec 5, 2019, 1:46 PM IST

ബംഗളൂരു: ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് പുതുതായി നഗരത്തിലെ റോഡുകളിലിറങ്ങുന്നത്. കുണ്ടും കുഴികളും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ വേറെ. ഇവയ്ക്കെല്ലാം പുറമേ യാത്രക്കാർക്ക് തലവേദനയാവുകയാണ് റോഡുകളിൽ മേഞ്ഞു നടക്കുന്ന പശുക്കള്‍.

നഗരത്തിലെ തിരക്കേറിയ റോഡുകളിലും ഹൈവേകളിലും പശുക്കള്‍ അലഞ്ഞുനടക്കുന്നത് സ്ഥിരം കാഴ്ച്ചയാവുകയാണ്. ഉടമസ്ഥരില്ലാത്ത പശുക്കളും ഉടമസ്ഥർ മേയാൻ വിടുന്നവയും ഇക്കൂട്ടത്തിലുണ്ട്.

അവിചാരിതമായി പശുക്കള്‍ വന്നുപെടുമ്പോൾ പെട്ടെന്ന് വാഹനം നിർത്തേണ്ടിവരുകയും അതുമൂലം ഗതാഗത തടസ്സം നേരിടേണ്ടി വരുകയും ചെയ്യുന്നുവെന്ന പരാതികൾ ഉയരുന്നുണ്ടെങ്കിലും  കോർപ്പറേഷൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാവുന്നില്ലെന്നാണ് ട്രാഫിക് പൊലീസും യാത്രക്കാരും പറയുന്നത്.  

പശുക്കള്‍ റോഡിൽ അലഞ്ഞു തിരിയുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ള വാഹനങ്ങളെ  മാത്രമല്ല കാൽനടയാത്രക്കാരെയും പശുക്കൾ വലക്കാറുണ്ട്.

നിരന്തരം പരാതികൾ ഉയർന്നതിനെ തുടർന്ന് അടുത്തിടെ ബംഗളുരു കോർപ്പറേഷൻ ജീവനക്കാർ റോഡുകളിൽ നിന്ന് പശുക്കളെ തുരത്തിയിരുന്നെങ്കിലും വീണ്ടും പഴയ നിലയിൽ ആയിരിക്കുകയാണ്. നഗരത്തിലെ കെ ആർ മാർക്കറ്റ് അവന്യൂ റോഡ് തുടങ്ങിയ തിരക്കേറിയ റോഡുകളിലാണ് പശുക്കള്‍ കൂടുതലായും അലഞ്ഞു നടക്കുന്നത്. 

Follow Us:
Download App:
  • android
  • ios