ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബി ജെ പി 46 സീറ്റുകളിലാണ് വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്. എ എ പിയാകട്ടെ 24 സീറ്റിലേക്ക് ഒതുങ്ങിയിട്ടുണ്ട്
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സി പി ഐ. ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്നാണ് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയുടെ വിമർശനം. ഇന്ത്യ മുന്നണിയുടെ ശക്തിയെക്കുറിച്ച് കോൺഗ്രസ് ആത്മ പരിശോധന നടത്തണമെന്നും രാജ ആവശ്യപ്പെട്ടു.
അതേസമയം ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നില കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് ബി ജെ പി കടന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബി ജെ പി 46 സീറ്റുകളിലാണ് വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്. എ എ പിയാകട്ടെ 24 സീറ്റിലേക്ക് ഒതുങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ആരാകണമെന്ന കാര്യം ദില്ലി അധ്യക്ഷൻ വീരേന്ദ്ര സച് ദേവയുമായി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സംസാരിച്ചു. ദില്ലി പിടിക്കുമെന്നും മുഖ്യമന്ത്രിയാര് എന്ന കാര്യത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നും കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് നദ്ദയോട് സംസാരിച്ച ശേഷം വീരേന്ദ്ര സച് ദേവ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയെ ബി ജെ പി പാർലമെന്‍ററി ബോർഡ് തീരുമാനിക്കുമെന്ന് ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗും വ്യക്തമാക്കി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും എ എ പിയുടെ പ്രധാന നേതാക്കളെല്ലാം തോൽക്കുന്നതിലൂടെ ജനവിധി വ്യക്തമായെന്നും അരുൺ സിംഗ് കൂട്ടിച്ചേർത്തു.
'സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം, കെജ്‍രിവാൾ പണം കണ്ട് മതിമറന്നു'; വിമർശിച്ച് അണ്ണാ ഹസാരെ
അതിനിടെ ദില്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻതിരിച്ചടി നേരിട്ടതിന് പിന്നാലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ രംഗത്തെത്തി. സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഹസാരെ, കെജ്രിവാൾ പണം കണ്ട് മതി മറന്നുവെന്നും കുറ്റപ്പെടുത്തി. തന്‍റെ മുന്നറിയിപ്പുകൾ എ എ പി ചെവിക്കൊണ്ടില്ലെന്നും ജനവിധി പാഠമായിരിക്കണമെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.
